
ബെംഗളൂരു: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 147 റണ്‍സ് വിജയലക്ഷ്യം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ 20 ഓവറില്‍ 146ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദര്‍, മൂന്ന് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ലക്‌നൗവിനെ തകര്‍ത്തത്. ക്രുനാല്‍ പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. 32 പന്തില്‍ 40 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍.
ഭേദപ്പെട്ട തുടക്കമാണ് മാര്‍ഷ് - എയ്ഡന്‍ മാര്‍ക്രം (12) സഖ്യം ലക്‌നൗവിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ മാര്‍ക്രം പുറത്തായി. റാസിഖിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്ത്, കയ്യില്‍ ഏറുകൊണ്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പകരമെത്തിയ നിക്കോളാസ് പുരാനാവാട്ടെ (1) നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി ലക്‌നൗ. പിന്നീട് മാര്‍ഷ് - ആയുഷ് ബദോനി (38) സഖ്യം 36 റണ്‍സ് ചേര്‍ത്ത് ലക്‌നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.
എന്നാല്‍ മാര്‍ഷിനെ ബൗള്‍ഡാക്കി ക്രുനാല്‍ പാണ്ഡ്യ ലക്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അബ്ദുള്‍ സമദ് (0) നേരിട്ട രണ്ടാം പന്തില്‍ തന്നെ മടങ്ങി. പിന്നാലെ ബദോനിയും. ശേഷം റിഷഭ് പന്ത് (1) തിരിച്ചെത്തിയെങ്കിലും ഒരു റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മുകുള്‍ ചൗധരി നേടിയ 39 റണ്‍സാണ് പിന്നീട് ലക്‌നൗവിന് തുണയായത്. ജോര്‍ജ് ലിന്‍ഡെ (7), മഹുമ്മദ് ഷമി (0), ആവേശ് ഖാന്‍ (1) എന്നിവരുടെ വിക്കറ്റുകളും ലക്‌നൗവിന് നഷ്ടമായി. ദിഗ്‌വേഷ് സിംഗ് രാതി (0) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!