സഞ്ജു സാംസണ്‍ എന്തുകൊണ്ട് ഫിനിഷറാവണം? ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ കാരണങ്ങള്‍ പലതാണ്

By Web TeamFirst Published Aug 16, 2022, 10:18 PM IST
Highlights

സാധാരണ ഗതിയില്‍ മുന്‍നിരയില്‍ കളിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. ഓപ്പണിംഗ് സ്ഥാനത്തും മൂന്നാം നമ്പറിലും സഞ്ജുവിനെ കളിപ്പിക്കാം. എന്നാല്‍ സിംബാബ്‌വെ പര്യടനത്തില്‍ അതുസാധിക്കില്ലെന്നുള്ളതാണ് വാസ്തവം.

ഹരാരെ: വ്യാഴാഴ്ച്ചയാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തിയിട്ടുണ്ട്. എന്നാല്‍ സഞ്ജു എവിടെ കളിക്കുമെന്നുളളതാണ് പ്രധാന ചോദ്യം. കാരണം മുന്‍നിരയിയില്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ കളിക്കാനുണ്ട്. അതുകൊണ്ടുതന്നെ പുതിയ റോളായിരിക്കും സഞ്ജുവിന്. ഫിനിഷിംഗ് ചുമതല സഞജുവിനെ ഏല്‍പ്പിക്കും. സഞ്ജു ഫിനിഷറായി കളിക്കേണ്ടി വരുന്നതിന്റെ മൂന്ന് കാരണങ്ങള്‍ അറിയാം.

മുന്‍നിരയില്‍ ഇടമില്ല

സാധാരണ ഗതിയില്‍ മുന്‍നിരയില്‍ കളിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. ഓപ്പണിംഗ് സ്ഥാനത്തും മൂന്നാം നമ്പറിലും സഞ്ജുവിനെ കളിപ്പിക്കാം. എന്നാല്‍ സിംബാബ്‌വെ പര്യടനത്തില്‍ അതുസാധിക്കില്ലെന്നുള്ളതാണ് വാസ്തവം. ശിഖര്‍ ധവാനൊപ്പം രാഹുല്‍ ഓപ്പണിംഗിനെത്തും. അപ്പോഴും റിതുരാജ് ഗെയ്കവാദ് പുറത്താണ്. പിന്നാലെ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗിനെത്തും. അതോടെ സഞ്ജുവിന് താഴേക്കിറങ്ങി കളിക്കേണ്ടിവരും. മധ്യനിരയില്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാനാണ് സാധ്യത.

ഏകദിന ലോകകപ്പ് മുന്നിലുണ്ട്

ഏകദിന മുന്നില്‍ നില്‍ക്കെ സഞ്ജുവിനെ ഒരുക്കിയെടുക്കാനും ടീം മാനേജ്‌മെന്റ് ശ്രമിക്കും. ഫിനിഷിംഗ് റോളില്‍ തിളങ്ങിയാല്‍ ഏകദിന മത്സരങ്ങളില്‍ സ്ഥിരമാവാന്‍ സഞ്ജുവിന് സാധിക്കും. അടുത്തവര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ സഞ്ജുവിന് വലിയ സാധ്യതയുണ്ട്. ദിനേഷ് കാര്‍ത്തികിന് ടി20 ക്രിക്കറ്റില്‍ ഫിനിഷിംഗ് റോള്‍ നല്‍കിയ പോലെ സഞ്ജുവിനേയും പരീക്ഷിക്കാന്‍ സെലക്റ്റര്‍മാര്‍ തയ്യാറായേക്കും. സ്ഥിരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം അത്ര മികച്ചവനല്ല. ഈ സാഹചര്യവും സഞ്ജുവിന് അനുകൂലമാണ്.

സഞ്ജുവിനെ പോലെ ഒരാള്‍ വേണം

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍താരം മനിന്ദര്‍ സിംഗ് പറഞ്ഞത് ഏറെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞതിങ്ങനെ... ''സഞ്ജുവിന്റെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്. അവന്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്നത് കാണുന്നത് തന്നെ ഭംഗിയാണ്. കളിക്കാന്‍ ഒരുപാട് സമയം അവന് ലഭിക്കുന്നു. റണ്‍നിരക്ക് ഉയര്‍ത്താന്‍ അവന് സാധിക്കും. സഞ്ജു ഇനിയും ഒരുപാട് അവസരം അര്‍ഹിക്കുന്നു. അവസരം നല്‍കാതെ സഞ്ജുവിന് സ്ഥിരതയില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ സഞ്ജുവിനെയാണ് പിന്തുണയ്ക്കുന്നത്.''

സാഹചര്യമനുസരിച്ച് റണ്‍നിരക്ക് കൂട്ടാന്‍ സഞ്ജുവിന് സാധിക്കുമെന്നുമെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ടി20യില്‍ 135.15 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു റണ്‍സ് കണ്ടെത്തുന്നത്. ഏകദിനത്തില്‍ അവസാന ഓവറുകളില്‍ ഇതാവര്‍ത്തിക്കാനായാല്‍ സഞ്ജുവിന് പുതിയ റോള്‍ ചെയ്യാനുണ്ടാവും.

ശ്രേയസ് അയ്യരും റിഷഭ് പന്തും സഞ്ജു സാംസണിന് ഒരുപടി താഴെയാണ്! പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

പോണ്ടിംഗിന് സ്ഥലകാലഭ്രമം, സൂര്യകുമാര്‍ യാദവിനെ ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്തതിനെതിരെ മുന്‍ പാക് നായകന്‍

click me!