രോഹിത് നായകന്‍, ടീമില്‍ 4 ഇന്ത്യന്‍ താരങ്ങള്‍ മാത്രം; ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് പോണ്ടിംഗ്

By Web TeamFirst Published May 29, 2023, 12:35 PM IST
Highlights

 കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ബാറ്റിംഗില്‍ ഏറെ മെച്ചപ്പെട്ട ജഡേജയെ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ധൈര്യമായി പരീക്ഷിക്കാവുന്നതാണെന്ന് പോണ്ടിംഗ് പറ‍ഞ്ഞു. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയാണ് വിക്കറ്റ് കീപ്പറായി പോണ്ടിംഗിന്‍റെ ടീമിലെത്തിയത്.

ലണ്ടന്‍: ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യയുടെ ഓസ്ട്രേലിയയുടെയും സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ നാലു താരങ്ങളും ഓസ്ട്രേലിയയുടെ ഏഴ് താരങ്ങളും അടങ്ങുന്ന സംയുക്ത ഇലവനെ നയിക്കുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്.

ഡേവിവ് വാര്‍ണറെ തഴഞ്ഞപ്പോള്‍ രോഹിത്തിനൊപ്പം ഉസ്മാന്‍ ഖവാജയെ ആണ് പോണ്ടിംഗ് സംയുക്ത ഇലവന്‍റെ ഓപ്പണറായി തെരഞ്ഞെടുത്തത്. വണ്‍ ഡൗണായി മാര്‍നസ് ലാബുഷെയ്ന്‍ എത്തുന്ന ടീമില്‍ വിരാട് കോലിയാണ് നാലാം നമ്പറില്‍. സ്റ്റീവ് സ്മിത്താണ് അഞ്ചാം നമ്പറില്‍. ടെസ്റ്റില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തന്‍റെ മികച്ച ഫോമില്‍ കോലി തിരിച്ചെത്തിയതാണ് അദ്ദേഹത്തെ മധ്യനിരയില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്ന്  പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു. സ്റ്റീവ് സ്മിത്താണ് അഞ്ചാം നമ്പറില്‍.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരായ കോലിയും സ്മിത്തുമില്ലാത്ത മധ്യനിരയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും പോണ്ടിംഗ് പറഞ്ഞു. രോഹിത്തും കോലിയും കഴിഞ്ഞാല്‍ രവീന്ദ്ര ജഡേജയാണ് പോണ്ടിംഗിന്‍റെ സംയുക്ത ഇലവനില്‍ ഇടം നേടിയ മൂന്നാമത്തെ താരം. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ബാറ്റിംഗില്‍ ഏറെ മെച്ചപ്പെട്ട ജഡേജയെ ആറാം നമ്പറിലോ ഏഴാം നമ്പറിലോ ധൈര്യമായി പരീക്ഷിക്കാവുന്നതാണെന്ന് പോണ്ടിംഗ് പറ‍ഞ്ഞു. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയാണ് വിക്കറ്റ് കീപ്പറായി പോണ്ടിംഗിന്‍റെ ടീമിലെത്തിയത്.

കോലിയോ രോഹിത്തോ ഗില്ലോ അല്ല, ഓസീസിന് വെല്ലുവിളിയാകുക മറ്റൊരു ഇന്ത്യന്‍ താരം; മുന്നറിയിപ്പ് നല്‍കി പോണ്ടിംഗ്

കഴിഞ്ഞ ഒരു വര്‍ഷമായി ടെസ്റ്റില്‍ ക്യാരി പുറത്തെടുക്കുന്ന മികവാണ് അദ്ദേഹത്തെ ടീമിലെത്തിച്ചതെന്ന് പോണ്ടിംഗ് പറഞ്ഞു. വിദേശത്തെ മികച്ച റെക്കോര്‍ഡ് കണക്കിലെടുത്ത് സ്പെഷലിസ്റ്റ് സ്പിന്നറായി ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണ്‍ പോണ്ടിംഗിന്‍റെ ടീമിലെത്തിയപ്പോള്‍ അശ്വിനെ മുന്‍ ഓസീസ് നായകന്‍ പരിഗണിച്ചില്ല. പേസര്‍ മുഹമ്മദ് ഷമിയാണ് പോണ്ടിംഗിന്‍റെ ടീമില്‍ ഇടം നേടിയ നാലാമത്തെ ഇന്ത്യന്‍ താരം. ടെസ്റ്റ് ക്രിക്കറ്റിലും സമീപകാലത്ത് ഐപിഎല്ലിലും ഷമി പുറത്തെടുക്കുന്ന മികവ് അവിശ്വസനീയമാണെന്ന് പോണ്ടിംഗ് പറഞ്ഞു. ഓസീസ് പേസര്‍മാരായ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് പോണ്ടിംഗിന്‍റെ ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍.

പോണ്ടിംഗ് തെരഞ്ഞെടുത്ത ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ഉസ്മാൻ ഖവാജ, മർനസ് ലബുഷൈന്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, രവീന്ദ്ര ജഡേജ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, മുഹമ്മദ് ഷമി.

click me!