കോലിയോ രോഹിത്തോ ഗില്ലോ അല്ല, ഓസീസിന് വെല്ലുവിളിയാകുക മറ്റൊരു ഇന്ത്യന്‍ താരം; മുന്നറിയിപ്പ് നല്‍കി പോണ്ടിംഗ്

By Web TeamFirst Published May 29, 2023, 12:03 PM IST
Highlights

ഓസ്ട്രേലിയക്കെതിരെ  എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ചേതേശ്വര്‍ പൂജാര ആയിരിക്കും വലിയ വെല്ലുവിളി ഉയര്‍ത്തുകയെന്ന് പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.

ലണ്ടന്‍: ഐപിഎല്‍ പൂരം ഇന്ന് കൊടിയിറങ്ങുമ്പോള്‍ അടുത്തമാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലില്‍ തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍, ലോക ക്രിക്കറ്റിലെ പവര്‍ ഹൗ    സുകളായ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയുമെല്ലാം ഐപിഎല്ലിലെ മിന്നും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ഇവരാരുമായിരിക്കില്ല ഫൈനലില്‍ ഓസ്ട്രേലിയക്ക് വെല്ലുവിളിയാകുക എന്ന് തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

ഓസ്ട്രേലിയക്കെതിരെ  എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ചേതേശ്വര്‍ പൂജാര ആയിരിക്കും വലിയ വെല്ലുവിളി ഉയര്‍ത്തുകയെന്ന് പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.ഇന്ത്യക്കെതിരായ പോരാട്ടങ്ങളില്‍ ഓസീസിന്‍റെ തൊണ്ടയിലെ മുള്ളാണ് പൂജാര. അത് ഓസ്ട്രേലിയക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ പൂജാരയെ പെട്ടെന്ന് പുറത്താക്കാനായിരിക്കും ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ശ്രമിക്കുക. ഐപിഎല്‍ ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന പൂജാര ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനുവേണ്ടി കളിക്കുകയാണ്. സീസണില്‍ മൂന്ന് സെഞ്ചുറിയുമായി മികച്ച ഫോമിലുമാണ് പൂജാര.

പൂജാര കഴിഞ്ഞാല്‍ ഓസ്ട്രേലിയക്ക് വെല്ലുവിളിയാകുക വിരാട് കോലിയായിരിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു. കോലിയെയും ഓസ്ട്രേലിയന്‍ ടീം നോട്ടമിടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഓപ്പണിംഗ് ബൗളര്‍മാരും ഓപ്പണിംഗ് ബാറ്റര്‍മാരുമായിരിക്കും മത്സരഫലം നിര്‍ണയിക്കുക എന്നും പോണ്ടിംഗ് പറഞ്ഞു.

ഫൈനലില്‍ ഗില്ലും ഷമിയും രഹാനെയും ജഡേജയുമില്ല, വൈറലായി ജയ് ഷായുടെ പേരിലെ വ്യാജ ട്വീറ്റ്

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബൗളിംഗിലായാലും ബാറ്റിംഗിലായാലും നല്ല തുടക്കം ലഭിച്ചാല്‍ മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കാനാവും. ഓവലില്‍ നേരത്തെ എത്തി പരിശീലനം നടത്തുന്നതിനാല്‍ ഫൈനലില്‍ ഓസ്ട്രേലിയക്ക് നേരയി മുന്‍തൂക്കമുണ്ടാകുമെന്നും പോണ്ടിംഗ് പറഞ്ഞു. ഇംഗ്ലണ്ടിലെ ഓവലില്‍ അടുത്ത മാസം ഏഴിനാണ് ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുന്നത്. ഫൈനലിനായി ഇന്ത്യന്‍ ടീമിന്‍റെ ആദ്യസംഘം ഇംഗ്ലണ്ടിലെത്തിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിസര്‍വ് ഓപ്പണറായ യശസ്വി ജയ്‌സ്വാളും ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ജഡേജ, രഹാനെ, ഗില്‍, ഷമി എന്നിവര്‍ ഐപിഎല്‍ ഫൈനലിനുശേഷം ഇംഗ്ലണ്ടിലേക്ക് പോകും.

click me!