
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ(SA vs IND) തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിക്ക്(Virat Kohli) പകരം ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായി ആരാവും എത്തുക എന്ന ചര്‍ച്ചകള്‍ക്കിടെ ആരാവണം പിന്‍ഗാമിയെന്ന് നിര്‍ദേശിച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ(Rohit Sharma) തന്നെയാണ് ടെസ്റ്റില്‍ നായകനാവേണ്ടതെന്ന് പോണ്ടിംഗ് പറഞ്ഞു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചതിന്‍റെയും ഇന്ത്യന്‍ ടീമിനെ നയിച്ചതിന്‍റെയും റെക്കോര്‍ഡുകള്‍ കണക്കിലെടുത്താല്‍ രോഹിത് തന്നെയാണ് കോലിയുടെ പിന്‍ഗാമിയാവേണ്ടതെന്നും പോണ്ടിംഗ് ഐസിസി വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സില്‍ സീസണിടക്കുവെച്ച് എനിക്ക് പകരമാണ് രോഹിത് നായകനായി എത്തിയത്. അന്ന് എന്നെ നായകസ്ഥാനത്തു നിന്ന് മാറ്റിയപ്പോള്‍ ആരെ നായകനാക്കണമെന്ന് ടീം ഉടമകളും മാനേജ്മെന്‍റും എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. രോഹിത്തിന് പുറമെ മറ്റു ചില പേരുകളും അവര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ രോഹിത്തിന്‍റെ പേരാണ് ഞാന്‍ നിര്‍ദേശിച്ചത്. അന്നയാള്‍ യുവതാരമായിരുന്നു.
എങ്കിലും രോഹിത്തിന്‍റെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. പിന്നീട് അത് അദ്ദേഹം തെളിയിക്കുകയും ചെയ്തു. മുംബൈ നായകനായശേഷം രോഹിത് സ്വന്തമാക്കിയ നേട്ടങ്ങള്‍ തന്നെയാണ് അതിനുള്ള തെളിവ്. ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴും രോഹിത് തന്‍റെ കഴിവ് പുറത്തെടുത്തു. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ടെസ്റ്റിലും മറ്റേതൊരു കളിക്കാരനെയും പോലെ മികവുറ്റ പ്രകടനമാണ് രോഹിത് പുറത്തെടുക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപറ്റന്‍ മതിയോ വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ വേണോ എന്ന കാര്യത്തില്‍ ബിസിസിഐ ഉടന്‍ താരുമാനം എടുക്കേണ്ടതുണ്ട്.
രോഹിത് കഴിഞ്ഞാല്‍ അജിങ്ക്യാ രഹാനെയാണ് ക്യാപ്റ്റനാവാന്‍ ഏറ്റവും അനുയോജ്യന്‍. രഹാനെക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്ററാണ് അദ്ദേഹം. സമീപകാലത്ത് അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ഫോം അത്ര മികച്ചതല്ലായിരിക്കാം. പക്ഷെ നായകനെന്ന നിലയില്‍ അദ്ദേഹത്തിന് എന്ത് ചെയ്യാനാവുമെന്ന് ഓസ്ട്രേലിയയില്‍ നമ്മള്‍ കണ്ടതാണ്.
കെ എല്‍ രാഹുലിനെക്കുറിച്ച് എനിക്ക് അറിയില്ല. മികച്ച കളിക്കാരനാണെന്ന് കേട്ടിട്ടുണ്ട്. വിദേശത്തും മികച്ച പ്രകടനങ്ങള്‍ നടത്തുന്നുവെന്നും. പക്ഷെ അദ്ദേഹത്തിന്‍റെ ക്യാപ്റ്റന്‍സി കഴിവുകളെക്കുറിച്ച് എനിക്കറിയില്ല. ഇവര്‍ക്ക് പുറമെ മറ്റു ചില പേരുകള്‍ കൂടി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.