
മുംബൈ: വിരാട് കോലി (Virat Kohli) ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം (Indian Test Team Captain) ഒഴിഞ്ഞതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്കാണ് (Dinesh Karthik) ഏറ്റവും ഒടുവിലായി ഇക്കാര്യത്തില്‍ പ്രതികരിച്ചവരില്‍ ഒരാള്‍. ടീം ഇന്ത്യയുടെ (Team India) എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍മാരിലൊരാള്‍ എന്ന് കോലിയെ വിശേഷിപ്പിക്കുന്നു ഡികെ.
'ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്‌പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പാക്കുക വളരെ പ്രയാസമാണെന്ന് എം എസ് ധോണി പറഞ്ഞതോര്‍ക്കുന്നു. ക്യാപ്റ്റന്‍ സ്ഥാനം എന്തുകൊണ്ട് ഒഴിഞ്ഞുവെന്നതിന് വിരാട് കോലിക്ക് മാത്രമേ മറുപടി നല്‍കാനാകൂ. എന്തായാലും വലിയൊരു കാരണം ഉണ്ട് എന്നെനിക്കുറപ്പാണ്. ഇന്ത്യയെ മികച്ച നിലയില്‍ നയിച്ച കോലി ടെസ്റ്റ് ടീമിനെ ശക്തമായ സ്ഥാനത്തെത്തിച്ചു. എത്രത്തോളം ശ്രമമാണ് കോലി പുറത്തെടുക്കുന്നത് എന്ന് അദേഹത്തിന്‍റെ കീഴില്‍ കളിച്ച താരമെന്ന നിലയില്‍ എനിക്കറിയാം. തന്‍റെ എല്ലാ കഴിവും കോലി ടീമിനായി നല്‍കും. ആ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളാണ് കോലി' എന്നും ദിനേശ് കാര്‍ത്തിക് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. ഇതിനെച്ചൊല്ലി കോലിയും ബിസിസിഐയുടെ തമ്മില്‍ പരസ്യ പോരുതന്നെയുണ്ടായി. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മാത്രമാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കുന്ന കാര്യം അറിഞ്ഞത് എന്നായിരുന്നു കോലിയുടെ വെളിപ്പെടുത്തല്‍. കോലിയുമായി വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് ബിസിസിഐ തീരുമാനം കൈക്കൊണ്ടതെന്ന് മുന്‍താരങ്ങള്‍ പലരും ആരോപിച്ചു. കോലിയുടെ പിന്‍ഗാമിയായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയെയാണ് ബിസിസിഐ പൂര്‍ണസമയ ക്യാപ്റ്റനാക്കിയത്.
എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോല്‍വിക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി അപ്രതീക്ഷിതമായി ഒഴിഞ്ഞ് ഏവരെയും ഞെട്ടിച്ചു കോലി. ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനായിട്ടും കോലി യാതൊരു മുന്നറിയിപ്പുമില്ലാതെ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു.
IND vs WI : ഇന്ത്യക്കെതിരായ ടി20 പരമ്പര; ശക്തമായ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്