സിഡ്‌നിയിലെ തീപ്പൊരി ബാറ്റിംഗ്; പന്തിന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

By Web TeamFirst Published Jan 11, 2021, 11:27 AM IST
Highlights

ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്‌സോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് പന്ത് കീശയിലാക്കി. 

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവച്ച ഓസ്‌ട്രേലിയയുടെ നെഞ്ചിടിപ്പേറ്റിയ താരം റിഷഭ് പന്താണ്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ സ്ഥാനക്കയറ്റം ലഭിച്ച് അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്തു. സാവധാനം തുടങ്ങി ഗിയര്‍ മാറ്റി അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവേയായിരുന്നു പുറത്താകല്‍. ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്‌സോടെ ഒരുപിടി റെക്കോര്‍ഡുകള്‍ പന്ത് കീശയിലാക്കി. 

എം എസ് ധോണി അടക്കമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരെ പിന്നിലാക്കിയാണ് റെക്കോര്‍ഡ് ബുക്കിലും പന്ത് താരമായത്. ഇന്ത്യന്‍ മുന്‍താരം സയ്യിദ് കിര്‍മാനിയെ മറികടന്നതോടെ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്തി പന്ത്. 17 ഇന്നിംഗ്‌സില്‍ 487 റണ്‍സ് നേടിയിരുന്ന കിര്‍മാനിയെ വെറും 10 ഇന്നിംഗ്‌സ് കൊണ്ട് പിന്നിലാക്കി 23കാരന്‍. മുന്‍ നായകന്‍ കൂടിയായ എം എസ് ധോണിക്ക് 18 ഇന്നിംഗ്‌സില്‍ 318 റണ്‍സ് മാത്രമേയുള്ളൂ. 

നെഞ്ചിടിപ്പേറ്റും അവസാന സെഷന്‍; ഇന്ത്യക്ക് ജയിക്കാന്‍ 127 റണ്‍സ്, അഞ്ച് വിക്കറ്റ് കയ്യില്‍

ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നാലാം ഇന്നിംഗ്‌സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡും പന്ത് അടിച്ചെടുത്തു. 2018ല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ പന്ത് തന്നെ കുറിച്ച 114 റണ്‍സാണ് ഒന്നാമത് എന്നതും ശ്രദ്ധേയമാണ്. ലോര്‍ഡ്‌സില്‍ 2007ല്‍ എം എസ് ധോണി നേടിയ 76 റണ്‍സാണ് പട്ടികയില്‍ മൂന്നാമത്. 

എന്നാല്‍ ടെസ്റ്റിലെ മൂന്നാം സെഞ്ചുറിക്ക് മൂന്ന് റണ്‍സ് മാത്രമകലെ റിഷഭ് പന്ത് പുറത്തായി. ലിയോണിനെ ക്രീസിന് പുറത്തേക്കിറങ്ങി പറത്തി സെഞ്ചുറി തികയ്‌ക്കാനുള്ള ശ്രമം പിഴക്കുകയായിരുന്നു. 118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതമാണ് 97 റണ്‍സ് പന്ത് സ്വന്തമാക്കിയത്. നാലാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം നിര്‍ണായക 148 റണ്‍സ് ചേര്‍ക്കാന്‍ പന്തിനായി. സി‍ഡ്‌നി ഇന്നിംഗ്‌സോടെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കരിയറില്‍ 56.88 ശരാശരിയില്‍ 512 റണ്‍സായി പന്തിന്‍റെ അക്കൗണ്ടില്‍.   

എല്ലാ കണ്ണുകളും ശ്രീശാന്തില്‍; മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ഇന്ന് ആദ്യ മത്സരം
 

click me!