റിഷഭ് പന്തിന്‍റെ ചികില്‍സ; ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

By Web TeamFirst Published Jan 18, 2023, 3:30 PM IST
Highlights

അപകടത്തില്‍ റിഷഭ് പന്തിന്‍റെ കാല്‍മുട്ടിലെ ലിഗമെന്‍റുകള്‍ക്കാണ് സാരമായി പരിക്കേറ്റത്

മുംബൈ: കാറപകടത്തില്‍ ഗുരുതരമായി കാലിന് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് രണ്ടാഴ്‌ചയ്ക്കുള്ളില്‍ ആശുപത്രി വിട്ടേക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട്. വീണ്ടുമൊരു ശസ്‌ത്രക്രിയ കാല്‍മുട്ടിന് ആവശ്യമാകാതെ വന്നാലാണ് ഇത്തരത്തില്‍ റിഷഭ് ആശുപത്രി വിടുക. റിഷഭിന്‍റെ കാലിന് നേരത്തെ രണ്ട് ശസ്‌ത്രക്രിയകള്‍ പൂര്‍ത്തിയായിരുന്നു. വീണ്ടുമൊരു സര്‍ജറി വേണ്ടിവന്നാല്‍ ആശുപത്രിവാസം നീളുമെന്നും ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് വൈകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

അപകടത്തില്‍ റിഷഭ് പന്തിന്‍റെ കാല്‍മുട്ടിലെ ലിഗമെന്‍റുകള്‍ക്കാണ് സാരമായി പരിക്കേറ്റത്. ലിഗമെന്‍റുകളിലെ പരിക്ക് നാല് മുതല്‍ ആറ് ആഴ്‌ചകള്‍ കൊണ്ട് സാധാരണയായി പരിഹരിക്കപ്പെടേണ്ടതാണ്. ഇതിന് ശേഷം മറ്റ് റീഹാബിലിറ്റേഷന്‍ ആരംഭിക്കണം. ഇതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം മാത്രമേ പന്ത് എപ്പോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരും എന്ന് പറയാനാകൂ. മൈതാനത്തേക്ക് റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് എളുപ്പമല്ല. അപകടമുണ്ടാക്കിയതിന്‍റെ മാനസീകാഘാതം കുറയ്‌ക്കാന് അദേഹത്തിന് കൗണ്‍സലിംഗ് നല്‍കാനും പദ്ധതിയുണ്ട്. എന്തായാലും ഒക്‌ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസിലേക്ക് റിഷഭ് പന്തിന് തിരിച്ചെത്തുക എളുപ്പമാവില്ല. ഐപിഎല്‍ 2023 സീസണ്‍ റിഷഭിന് നഷ്‌ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. 

ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരിക്കേല്‍ക്കുകയായിരുന്നു. ഡെറാ‍ഡൂണിലെ മാക്സ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കപ്പെട്ട റിഷഭ് പന്തിനെ ബിസിസിഐ പിന്നീട് എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കോകില ബെന്‍ ആശുപത്രിയില്‍ റിഷഭ് പന്തിനെ ചികിത്സിക്കുന്നത്. ജനുവരി എട്ടിന് മൂന്ന് മണിക്കൂറോളം നേരമെടുത്താണ് രണ്ട് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്. ബിസിസിഐയുടെ മെഡിക്കല്‍ സംഘവും കോകിലാ ബെന്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരും റിഷഭ് പന്തിന്‍റെ ചികില്‍സ നിരീക്ഷിച്ചുവരികയാണ്.  

'സിറാജിന്റേത് അമ്പരപ്പിക്കുന്ന തിരിച്ചുവരവ്'; പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരം

click me!