റിഷഭ് പന്തിന്‍റെ പരിക്ക്; ഇന്ത്യക്ക് ആശ്വാസവാര്‍ത്ത

By Web TeamFirst Published Jan 9, 2021, 5:00 PM IST
Highlights

സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനം ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്‍റെ ഷോട്ട് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് പന്തിന്‍റെ കൈക്കുഴയില്‍ പന്തുകൊണ്ടത്.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയില്‍ക്കൊണ്ട് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്. റിഷഭ് പന്തിന്‍റെ കൈയില്‍ വേദനയുണ്ടെങ്കിലും എല്ലുകള്‍ക്ക് പൊട്ടലൊന്നുമില്ലെന്നും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചാം ദിവസം ബാറ്റ് ചെയ്യാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനം ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്‍റെ ഷോട്ട് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് പന്തിന്‍റെ കൈക്കുഴയില്‍ പന്തുകൊണ്ടത്. വേദനകൊണ്ട് പുളഞ്ഞ റിഷഭ് പന്തിന് ടീം ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. വേദന കുറയാനുള്ള സ്പ്രേ അടിച്ചശേഷം വേദനസംഹാരികള്‍ കഴിച്ച് ബാറ്റിംഗ് തുടര്‍ന്നെങ്കിലും അധികം വൈകാതെ 36 റണ്‍സെടുത്ത റിഷഭ് പന്ത് ജോഷ് ഹേസല്‍വുഡിന്‍റെ പന്തില്‍ പുറത്തായി.

റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ 195/4ല്‍ നിന്ന് 244 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തു. പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങാതിരുന്ന പന്തിന് പകരം ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ വൃദ്ധിമാന്‍ സാഹയാണ് പകരം വിക്കറ്റ് കീപ്പറായത്.

click me!