
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ ലീഡ്സില്‍ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ച് സൂചന നല്‍കി വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റിഷഭ് പന്ത് തന്‍റെയും ക്യാപ്റ്റന്‍ ശുഭമ്നാൻ ഗില്ലിന്‍റെയും ബാറ്റിംഗ് പൊസിഷന്‍ ഏതായിരിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ആരെത്തുമെന്നോ ഓപ്പണറായി ആരിറങ്ങുമെന്നോ വ്യക്തമാക്കാന്‍ റിഷഭ് പന്ത് തയാറായില്ലെന്നതും ശ്രദ്ധേയമാണ്.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വിരാട് കോലി ബാറ്റ് ചെയ്തിരുന്ന നാലാം നമ്പറില്‍ ബാറ്റിംഗിനെത്തുമെന്ന് റിഷഭ് പന്ത് പറഞ്ഞു. അഞ്ചാം നമ്പറില്‍ താന്‍ ബാറ്റിംഗിനിറങ്ങുമെന്നും പന്ത് പറഞ്ഞു. എന്നാല്‍ യശസ്വി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുലാണോ സായ് സുദര്‍ശനാണോ ഓപ്പണറാകുക എന്ന കാര്യം റിഷഭ് പന്ത് പറഞ്ഞില്ല.
കെ എല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങിയാല്‍ മൂന്നാം നമ്പറില്‍ കരുണ്‍ നായരോ സായ് സുദര്‍ശനോ ഇറങ്ങാനാണ് സാധ്യത. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കരുണ്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. കരുണിനും സായ് സുദര്‍ശും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. മൂന്നാം നമ്പറില്‍ ആരിറങ്ങണമെന്നതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ നാലാം നമ്പറിലും അഞ്ചാം നമ്പറിലും ആരിറങ്ങുമെന്ന് തീരുമാനമായെന്നും പന്ത് വ്യക്തമാക്കി.
രാഹുലിനെ ഓപ്പണറായും സായ് സുദര്‍ശനെ മൂന്നാം നമ്പറിലും കളിപ്പിച്ചാല്‍ കരുണ്‍ നായരെ ആറാം നമ്പറില്‍ കളിപ്പിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്. മുമ്പ് ഇന്ത്യൻ ടീമില്‍ കളിച്ചപ്പോഴും ട്രിപ്പിള്‍ സെഞ്ചുറി നേടിയപ്പോഴും കരുണ്‍ അഞ്ചാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ കരുണ്‍ ആറാം നമ്പറില്‍ കളിപ്പിച്ചാല്‍ ഓള്‍ റൗണ്ടര്‍മാരിലൊരാളെ മാത്രമെ ഇന്ത്യക്ക് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാനാവു. നാളെ ലീഡ്സില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.