ടി20 ലോകകപ്പില്‍ റിഷഭ് പന്തോ അതോ ദിനേശ് കാര്‍ത്തികോ? മറുപടിയുമായി സുനില്‍ ഗവാസ്‌കര്‍

By Web TeamFirst Published Sep 19, 2022, 5:28 PM IST
Highlights

ഏഷ്യാ കപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് രണ്ട് പേരും ഒരുമിച്ച് കളിച്ചത്. എന്നാല്‍ കാര്‍ത്തികിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ കാര്‍ത്തികായിരുന്നു വിക്കറ്റിന് പിന്നില്‍.

മുംബൈ: ടി20 ലോകകപ്പ് അടുത്തിയിരിക്കെ ഒരു പ്രധാന ചോദ്യം ഉദിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ്. വിക്കറ്റിന് പിന്നില്‍ ആരെ നിര്‍ത്തുമെന്നുള്ളതാണ് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്നത്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്, യുവതാരം റിഷഭ് പന്ത് എന്നിവരാണ് ടീമിലെ കീപ്പര്‍മാര്‍. ഫിനിഷറെന്നുളള നിലയില്‍ കാര്‍ത്തിക് ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതുതന്നെയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാരെ പ്രേരിപ്പിച്ചത്. പന്തിന് ഇടങ്കയ്യനാണെന്നുള്ള കാര്യം ഗുണം ചെയ്യും.

ഇവരില്‍ ആര് ടീമില്‍ വരണമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍താരവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രണ്ട് പേരേയും കളിപ്പിക്കണമെന്നാണ് ഗവാസ്‌കറുടെ പക്ഷം. ''ഞാന്‍ തിരഞ്ഞെടുക്കുന്ന പ്ലയിംഗ് ഇലവനില്‍ രണ്ട് പേര്‍ക്കും ഇടമുണ്ട്. അഞ്ചാമനായി പന്ത് ബാറ്റിംഗിനെത്തും. തൊട്ടുപിന്നാലെ ഹാര്‍ദിക് പാണ്ഡ്യ. ശേഷം കാര്‍ത്തികും ബാറ്റ് ചെയ്യാനെത്തും. ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനെ കൂടാതെ നാല് ബൗള്‍മാരും ടീമിലുണ്ടാവും. ധീരമായ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ വിജയിക്കാനാവില്ല.'' ഗവാസ്‌കര്‍ വ്യക്തമാക്കി.

ടീം ഇന്ത്യയെ മാറ്റിയെടുത്തത് ധോണിയോ രോഹിത്തോ അല്ല! നായകന്റെ പേരെടുത്ത് പറഞ്ഞ് മുന്‍ ഓസീസ് താരം

ഏഷ്യാ കപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് രണ്ട് പേരും ഒരുമിച്ച് കളിച്ചത്. എന്നാല്‍ കാര്‍ത്തികിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ കാര്‍ത്തികായിരുന്നു വിക്കറ്റിന് പിന്നില്‍. പിന്നീടുള്ള മത്സരങ്ങളിലെല്ലാം റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെ ഇരുവരും കളിക്കുകയായിരുന്നു. ആരാണ് പ്ലയിംഗ് ഇലവനിലെത്തുകയെന്നുള്ള കാര്യത്തില്‍ മുമ്പ് രാഹുല്‍ ദ്രാവിഡും അഭിപ്രായം പറഞ്ഞിരുന്നു.

എതിരാളിയേയും സാഹചര്യങ്ങളും നോക്കിയാണ് പ്ലയിംഗ് ഇലവന്‍ പ്രഖ്യാപിക്കുകയെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. ''ആര്‍ക്കാണ് പ്രഥമ പരിഗണന എന്നൊന്ന് ഇല്ല. സാഹചര്യം, പിച്ച്, എതിരാളികള്‍ എന്നിവയെല്ലാം നോക്കിയാണ് പ്ലയിംഗ് ഇലവന്‍ പുറത്തുവിടുക. എല്ലാ സാഹചര്യങ്ങളിലും ഒരേ പ്ലയിംഗ് ഇലവനെ കളിപ്പിക്കാനാവില്ല. ഒരുതാരത്തെ പുറത്തിരുത്തുകയെന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ എപ്പോഴും ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്.'' ദ്രാവിഡ് ഏഷ്യാ കപ്പിനിടെ പറഞ്ഞു.

യുവിയുടെ ആറ് സിക്‌സുകള്‍ക്ക് ഇന്ന് 15 വയസ്; സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് യുവരാജ്- വീഡിയോ കാണാം

click me!