മകന്‍ ഓറിയോണിനൊപ്പം ആ നിമിഷങ്ങള്‍ വീണ്ടും ആസ്വദിക്കുകയാണ് യുവരാജ്. വീഡിയോ ട്വിറ്ററിലൂടെ യുവി പുറത്തുവിട്ടു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കാണാന്‍ ഇതിലും മികച്ച കൂട്ട് വേറെയില്ലെന്നാണ് യുവി കുറിച്ചിട്ടത്.

മുംബൈ: ഇന്ത്യയുടെ ഐസിസി കിരീടങ്ങളില്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പില്‍ യുവരാജിന്റെ പ്രകടനം ആരാധകര്‍ മറക്കാനിടയില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സുകള്‍ യുവരാജിനായിരുന്നു. യുവിയുടെ ഗംഭീര പ്രകടനത്തില്‍ ഇന്ന് 15 വയസ് പൂര്‍ത്തിയാവുകയാണ്. സുപ്രധാന ദിവസത്തില്‍ സ്‌പെഷ്യല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

മകന്‍ ഓറിയോണിനൊപ്പം ആ നിമിഷങ്ങള്‍ വീണ്ടും ആസ്വദിക്കുകയാണ് യുവരാജ്. വീഡിയോ ട്വിറ്ററിലൂടെ യുവി പുറത്തുവിട്ടു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കാണാന്‍ ഇതിലും മികച്ച കൂട്ട് വേറെയില്ലെന്നാണ് യുവി കുറിച്ചിട്ടത്. വൈറല്‍ വീഡിയോ കാണാം...

Scroll to load tweet…

ഡര്‍ബനിലെ കിങ്സ്മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 19, 2007നായിരുന്നു ലോകത്തെ ഞെട്ടിച്ച യുവിയുടെ താണ്ഡവം. യുവരാജുമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി അന്ന് കൊമ്പു കോര്‍ത്തതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വന്നത് സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയ ബ്രോഡിനെ യുവി നാണം കെടുത്തുകയായിരുന്നു.

ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമായി ഒരു ഓവറിലെ ആറ് പന്തും സിക്സറിന് പറത്തുന്ന താരവുമായി യുവരാജ് അന്ന്. ട്വിന്റി20 ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധശതകവും അന്ന് യുവി സ്വന്തം പേരിലാക്കിയിരുന്നു. 15-ാം വാര്‍ഷികത്തില്‍ ഐസിസിയും ആ വീഡിയോ പുറത്തുവിട്ടിരുന്നു.

മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. യുവരാജ് 16 പന്തില്‍ 58 റണ്‍സ് നേടി. വിരേന്ദര്‍ സെവാഗ് 52 പന്തില്‍ 68, ഗൗതം ഗംഭീര്‍ 41 പന്തില്‍ 58 എന്നിവരും തിളങ്ങിയിരുന്നു.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇര്‍ഫാന്‍ പഠത്താന്‍ മൂന്നും ആര്‍ പി സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി.