
ഗാലെ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് റിഷഭ് പന്ത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റണ്‍വേട്ടയില്‍ ഒന്നാമനായത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ 69 പന്തില്‍ 66 റണ്‍സ് നേടിയ റിഷഭ് പന്ത് ഒന്നാം ഇന്നിംഗ്സിൽ 39 റൺസും നേടിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 41 മത്സരങ്ങളിലെ 73 ഇന്നിംഗ്സുകളിൽ നിന്ന് 2885 റണ്‍സാണ് റിഷഭ് പന്ത് ഇതുവരെ നേടിയത്.
ഗാലെ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലും നിറം മങ്ങിയ ശുഭ്മാൻ ഗില്ലാണ് രണ്ടാം സ്ഥാനത്ത്. ഗാലെ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ 16 റൺസും രണ്ടാം ഇന്നിംഗ്സിൽ 8 റൺസും മാത്രമാണ് ഗില്ലിന് നേടാനായത്. 41 മത്സരങ്ങളിൽ നിന്ന് 2,867 റൺസാണ് ഗില്ലിന്‍റെ നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, വിരാട് കോലി എന്നിവരാണ് പന്തിനും ഗില്ലിനും പിന്നിലുള്ളവര്‍.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇംഗ്ലണ്ട് മുൻ നായകൻ ജോ റൂട്ടിന്‍റെ പേരിലാണ്. 77 മത്സരങ്ങളിൽ നിന്ന് 6,651 റൺസാണ് റൂട്ടിന്‍റെ സമ്പാദ്യം. 4,679 റൺസുമായി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.പാകിസ്ഥാനെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 7,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന അപൂർവ്വ റെക്കോർഡിലെത്താനും ജോ റൂട്ടിന് സാധിക്കും.
റൺവേട്ടയിൽ മുന്നിലെത്തിയതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗാലെയിൽ ഇന്നലെ റിഷഭ് പന്ത് സ്വന്തമാക്കിയിരുന്നു. ലോക ക്രിക്കറ്റിൽ തന്നെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ് പന്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!