ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം സഞ്ജുവിന്‍റെ മറ്റൊരു പരാജയത്തെക്കുറിച്ചാണ്. ഇനി എത്ര അവസരങ്ങൾ സഞ്ജുവിന് നൽകണം?.
ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 പോരാട്ടത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് മികച്ച വിജയം നേടിയെങ്കിലും, ഓപ്പണറായി ഇറങ്ങിയ സഞ്ജു 9 പന്തിൽ 11 റൺസെടുത്ത് പുറത്തായിരുന്നു. തുടർച്ചയായ നാലാം മത്സരത്തിലാണ് സഞ്ജു ബാറ്റിംഗിൽ പരാജയപ്പെടുന്നത്. തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഹനുമ വിഹാരി സഞ്ജുവിന്‍റെ ബാറ്റിംഗ് പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും വിമര്‍ശിച്ചത്.
ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം സഞ്ജുവിന്‍റെ മറ്റൊരു പരാജയത്തെക്കുറിച്ചാണ്. ഇനി എത്ര അവസരങ്ങൾ സഞ്ജുവിന് നൽകണം? ഞാൻ അദ്ദേഹത്തിന്‍റെ വലിയൊരു ആരാധകനാണ്, അദ്ദേഹം കളിക്കണമെന്ന് ആഗ്രഹിക്കുന്നയാളുമാണ്. എന്നാൽ സഞ്ജു ടീമിലെ തന്‍റെ സ്ഥാനത്തെക്കുറിച്ച് അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ടീമിൽ സ്ഥാനം നിലനിർത്താൻ മത്സര സമ്മർദ്ദമുണ്ടാകുമ്പോൾ സഞ്ജുവിന് തിളങ്ങാൻ സാധിക്കാറില്ലെന്നും വിഹാരി പറഞ്ഞു.
തൊട്ടുപിന്നിൽ വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾ അവസരം കാത്തുനിൽക്കുന്നത് സഞ്ജുവിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും, ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയണമെന്നും വിഹാരി കൂട്ടിച്ചേർത്തു.
ലക്നൗവിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസ് വിജയം ഇന്ത്യ 14.4 ഓവറിൽ മറികടക്കുകയായിരുന്നു. അഭിഷേക് ശർമയും സഞ്ജു സാംസണും വലിയ സ്കോര്‍ നേടാതെ പുറത്തായെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 43 പന്തിൽ നിന്ന് 10 സിക്സറുകളും 10 ഫോറുമടക്കം പുറത്താകാതെ 102 റൺസാണ് ശ്രേയസ് അടിച്ചുകൂട്ടിയത്. പരമ്പരയിലെ രണ്ടാം ടി20 മത്സരം ഒക്ടോബർ 9 വെള്ളിയാഴ്ച റാഞ്ചിയിൽ വെച്ച് നടക്കും. ടീമിലെ സ്ഥാനം ഉറപ്പിക്കാൻ അടുത്ത മത്സരത്തിൽ സഞ്ജുവിന് വലിയൊരു ഇന്നിംഗ്സ് കളിക്കേണ്ടത് അനിവാര്യമാണ്.
