Latest Videos

ധോണിയുടെ തന്ത്രങ്ങള്‍ ചെന്നൈയ്‌ക്കെതിരെ ഉപയോഗിക്കും; ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തെ കുറിച്ച് റിഷഭ് പന്ത്

By Web TeamFirst Published Apr 6, 2021, 11:30 PM IST
Highlights

ആദ്യമായിട്ടാണ് പന്ത് ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുന്നത്. ശനിയാഴ്ച്ച എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.
 

മുംബൈ: യാദൃശ്ചികമായാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ നായകസ്ഥാനം ലഭിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് പന്തിന് നറുക്ക് വീണത്. ആദ്യമായിട്ടാണ് പന്ത് ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുന്നത്. ശനിയാഴ്ച്ച എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ധോണിയെ നേരിടുന്നതിന്റെ ആകാംക്ഷ പന്തിനുണ്ട്. 

23കാരനായ ഇന്ത്യന്‍ യുവ കീപ്പര്‍ അത് വ്യക്തമാക്കുകയും ചെയ്തു. ധോണിക്കെതിരെ കളിക്കുന്നതിനെ കുറിച്ച് പന്ത് പറയുന്നതിങ്ങനെ... ''ഐപിഎല്ലില്‍ ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ മത്സരം തന്നെ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്കെതിരെയാണ്. ധോണിയില്‍ നിന്നാണ് ഞാന്‍ പല കാര്യങ്ങളും പഠിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു മത്സരമാണിത്. താരമെന്ന നിലയില്‍ ഞാനും ഒരുപാട് പരിചസമ്പത്ത് നേടിക്കഴിഞ്ഞു. ആ മത്സര പരിചയവും ധോണിയില്‍ നിന്ന് ലഭിച്ച അറിവും മത്സരത്തില്‍ ഉപയോഗിക്കും. അതോടൊപ്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും ശ്രമിക്കണം.

ഇപ്പോള്‍ കിട്ടിയ അവസരം പൂര്‍ണമായും ഉപയോഗിക്കാന്‍ ശ്രമിക്കണം. ഒരിക്കല്‍പോലും ഐപിഎല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് സാധിച്ചിട്ടില്ല. ഇത്തവണ അത് സാധ്യമാക്കണമെന്ന് ആഗ്രഹമുണ്ട്. എന്നെകൊണ്ട് കഴിയുന്ന അത്രയും ഞാന്‍ ശ്രമിക്കും. കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകളും മികച്ചതായിരുന്നു.

ടീമിലെ മുഴുവന്‍ താരങ്ങളും നൂറു ശതമാനം നല്‍കാന്‍ കെല്‍പ്പുള്ളവരാണ്. അക്കാര്യത്തില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. പരിശീലകന്‍ റിക്കി പോണ്ടിംഗാണ് ടീമിന്റെ ഊര്‍ജം. അദ്ദേഹത്തിന്റെ ഇത്തവണ കിരീടം സ്വന്തമാക്കാമെന്നുള്ള പ്രതീക്ഷയുമുണ്ട്.'' പന്ത് പറഞ്ഞുനിര്‍ത്തി. 

ഐപിഎല്ലില്‍ ഒന്നാകെ 68 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പന്ത് 2076 റണ്‍സും നേടിയിട്ടുണ്ട്. രണ്ടാം മത്സരത്തില്‍ വിരാട് കോലിയുടെ കീഴിലെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഡല്‍ഹിയുടെ എതിരാളി.

click me!