
ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കിറങ്ങും മുമ്പെ ഇന്ത്യക്ക്(India vs South Africa) കനത്ത തിരിച്ചടി. രോഹിത് ശര്‍മക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ട കെ എല്‍ രാഹുല്‍(KL Rahul) തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറി. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ്(Rishabh Pant) പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. രാഹുലിന് പുറമെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും(Kuldeep Yadav) പരിക്കുമൂലം ടി20 പരമ്പരയില്‍ നിന്ന് പിന്‍മാറി. റിഷഭ് പന്തിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയോഗിച്ചിരിക്കുന്നത്.
വലതുതുടയിലേറ്റ പരിക്കാണ് രാഹുലിന് വിനയായതെങ്കില്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈക്ക് പരിക്കേറ്റതാണ് കുല്‍ദീപിന് പരമ്പര നഷ്ടമാവാന്‍ കാരണം. പരിക്കുമൂലം ഇന്നലെയും ഇന്നും നടന്ന ഇന്ത്യയുടെ പരിശീലന സെഷനുകളില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച നടന്ന പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരെ മാത്രമായിരുന്നു രാഹുല്‍ ബാറ്റ് ചെയ്തത്.
രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലിനും കുല്‍ദീപ് യാദവിനും പകരക്കാരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിച്ചിട്ടുണ്ട്. റിഷഭ് പന്തിന് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ഈ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി.
രാഹുല്‍ ദ്രാവിഡിന്‍റെ മനം കീഴടക്കി 'ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ'; ആരും കൊതിക്കുന്ന പ്രശംസ
ഈ വര്‍ഷമാദ്യം രാഹുലിന്‍റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമി സ്ഥാനത്ത് രാഹുലിനെക്കാള്‍ ഒരു ചുവട് മുന്നിലെത്താന്‍ റിഷഭ് പന്തിനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!