ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഹാര്‍ദിക്കിന്‍റെ ഓള്‍റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്‍റെ കന്നി സീസണില്‍ തന്നെ കിരീടം നേടുകയായിരുന്നു

ദില്ലി: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) ടീമിന്‍റെ കന്നിയങ്കത്തില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്(Gujarat Titans) കിരീടം സമ്മാനിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya). ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള(IND vs SA T20Is) ഇന്ത്യന്‍ സ്‌ക്വാഡില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നു. പാണ്ഡ്യയുടെ ഐപിഎല്‍ ക്യാപ്റ്റന്‍സി ഇന്ത്യന്‍(Team India) പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ(Rahul Dravid) മനം കീഴടക്കി. 

'കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യയെ കണ്ടത്. ഐപിഎല്ലില്‍ പാണ്ഡ്യയുടെ നായകത്വം വളരെ ആകര്‍ഷകമായി. മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തു. ബൗളിംഗ് വീണ്ടുമാരംഭിച്ചു എന്നതിനാല്‍ ഹാര്‍ദിക്കില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം. ടീമിന് പാണ്ഡ്യയുടെ ബൗളിംഗ് എത്രത്തോളം കരുത്ത് നല്‍കുമെന്ന് നമുക്കറിയാം. താരത്തില്‍ നിന്ന് ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ച പ്രകടനമാണ് ലക്ഷ്യം. ഭാവിയില്‍ പാണ്ഡ്യയുടെ റോള്‍ എന്താകുമെന്ന് സെലക്‌ടര്‍മാരാണ് തീരുമാനിക്കേണ്ടത്' എന്നും ദ്രാവിഡ് ദക്ഷിണാഫ്രിക്കയ‌്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഹാര്‍ദിക്കിന്‍റെ ഓള്‍റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്‍റെ കന്നി സീസണില്‍ തന്നെ കിരീടം നേടുകയായിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. ഹാര്‍ദിക് പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് പേരിലാക്കി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17ന് മൂന്ന് വിക്കറ്റും 30 പന്തില്‍ 34 റണ്‍സുമെടുത്തു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

എന്‍റെ പ്രിയതാരം വസീം ജാഫര്‍, സ്ഥാനം ഇതിഹാസങ്ങള്‍ക്കും മുകളില്‍; മനസുതുറന്ന് ഹാര്‍ദിക് പാണ്ഡ്യ