റിഷഭ് പന്ത് ഡല്‍ഹിയുടെ ക്യാപ്റ്റനായി തുടരും; അയ്യരെ തിരിച്ചുകൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല

By Web TeamFirst Published Sep 4, 2021, 1:44 PM IST
Highlights

ഐപിഎല്‍ 14-ാം സീസണില്‍ ഇന്ത്യയില്‍ നടന്ന മത്സരങ്ങളില്‍ പരിക്ക് കാരണം ശ്രേയസിന് കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പന്തിനെ ക്യാപ്റ്റനാക്കി നിശ്ചയിച്ചിക്കുകയായിരുന്നു.

ദുബായ്: ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ഡല്‍ഹി കാപിറ്റല്‍സിനെ റിഷഭ് പന്ത് തന്നെ നയിക്കും. ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ സ്ഥിരം ക്യാപ്റ്റന്‍. ഐപിഎല്‍ 14-ാം സീസണില്‍ ഇന്ത്യയില്‍ നടന്ന മത്സരങ്ങളില്‍ പരിക്ക് കാരണം ശ്രേയസിന് കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പന്തിനെ ക്യാപ്റ്റനാക്കി നിശ്ചയിച്ചിക്കുകയായിരുന്നു. പന്തിന് കീഴില്‍ ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാമതാണ് ഡല്‍ഹി. 

ഇതിനിടെയാണ് അയ്യര്‍ പരിക്കുമാറി തിരിച്ചെത്തുന്നത്. ക്യാപ്റ്റന്‍സി അദ്ദേഹത്തിന് തിരിച്ചുനല്‍കുമോ എന്നുള്ളത് പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫ്രാഞ്ചൈസി പ്രമോട്ടര്‍മാരായ പാര്‍ത്ഥ് ജിന്‍ഡാലും കിരണ്‍ കുമാര്‍ ഗ്രാന്തി എന്നിവര്‍ പന്ത് ക്യാപ്റ്റനായി തുടരുമെന്ന് ഉറപ്പുവരുത്തി. 

അഞ്ച് മാസത്തോളം ടീമിന് പുറത്തായിരുന്ന ശ്രേയസിന് ഇത്തവണ ക്യാപ്റ്റന്‍സി നല്‍കാന്‍ ടീം മാനേജ്‌മെന്റിനും താല്‍പര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. 2018 സീസണ്‍ ഐപിഎല്ലിന്റെ പാതിവഴിയിലാണ് അയ്യര്‍ ഡല്‍ഹിയുടെ ക്യാപ്റ്റനാകുന്നത്.

തുടര്‍ന്നുള്ള രണ്ട് സീസണുകളിലും മികച്ച രീതിയിലായിരുന്നു ടീമിനെ നയിച്ചത്. കഴിഞ്ഞ വര്‍ഷം ടീമിനെ ചരിത്രത്തിലാദ്യമായി ഐപിഎല്‍ ഫൈനലിലെത്തിക്കാനും അയ്യര്‍ക്കായി.

click me!