'അന്ന് സഞ്ജു ചേട്ടൻ എന്നെ അടക്കി നിര്‍ത്തി, ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ'... വെളിപ്പെടുത്തലുമായി റിയാന്‍ പരാഗ്

By Web TeamFirst Published Mar 26, 2024, 3:21 PM IST
Highlights

തന്‍റെ തിരിച്ചുവരവിന് പ്രധാന കാരണം സഞ്ജു ചേട്ടന്‍റെ ഉപദേശമാണെന്ന് റിയാന്‍ പരാഗ്

ജയ്പൂര്‍: ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മോശം പ്രകടനങ്ങുടെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട കളിക്കാരനാണ് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. കഴിഞ്ഞ സീസണില്‍ ആദ്യ ഏഴ് മത്സരങ്ങളിലും നിറം മങ്ങിയ പരാഗിന് പകരം ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും ജുറെല്‍ പിന്നീട് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തുകയും ചെയ്തു. തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയിട്ടും പരാഗിനെ രാജസ്ഥാന്‍ കൈവിടാത്തതിന് ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ പരാഗിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി നാലാം നമ്പറില്‍ കളിപ്പിക്കുമെന്ന് സഞ്ജു പറഞ്ഞപ്പോഴും ആരാധകര്‍ നെറ്റിച്ചുളിച്ചതാണ്. ഈ സഞ്ജു എത്ര കിട്ടിയാലും പഠിക്കില്ലെന്നായിരുന്നു ആരാധകരുടെ അടക്കം പറച്ചില്‍. എന്നാല്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ആദ്യ മത്സരത്തില്‍ ജോസ് ബട്‌ലറും യശസ്വി ജയ്സ്വാളും തുടക്കത്തിലെ മടങ്ങിയതോടെ നാലാമനായി ക്രീസിലറങ്ങിയ 22കാരനായ പരാഗ് സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുകയും 29 പന്തില്‍ 43 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും പരാഗ് ഇത്തവണ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്.

കീ കൊടുത്തുവിട്ടപോലെ ഒന്നിന് പുറകെ ഒന്നായി പന്തേറ്, 'ഒന്ന് ശ്വാസം വിടാനെങ്കിലും സമയം തരൂ'വെന്ന് ബൗളറോട് കോലി

തന്‍റെ തിരിച്ചുവരവിന് പ്രധാന കാരണം സഞ്ജു ചേട്ടന്‍റെ ഉപദേശമാണെന്ന് പരാഗ് പറഞ്ഞു. ഇത്തവണ ഐപിഎല്ലിന് മുമ്പ് ഞാന്‍ ഏതാനും പുതിയ ഷോട്ടുകള്‍ പരീക്ഷിച്ച് ഐപിഎല്ലില്‍ അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ലഖ്നൗവിനെതിരെ സഞ്ജു ചേട്ടനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ഓരോ പന്ത് നേരിട്ട് കഴിയുമ്പോഴും ഞാന്‍ ചെന്ന് ചോദിക്കും. ഞാന്‍ ആ ഷോട്ട് ഒരു തവണ കളിക്കട്ടെയെന്ന്. എന്നാല്‍ സഞ്ജു ചേട്ടന്‍ ഓരോ തവണയും നോ പറയും. ഈ പിച്ചില്‍ ആ ഷോട്ട് കളിക്കാന്‍ എളുപ്പമല്ലെന്ന് പറയും. പകല്‍ മത്സരമായിരുന്നതിനാല്‍ പന്ത് വിചാരിച്ച പോലെ ബാറ്റിലേക്ക് വരുന്നില്ലായിരുന്നു. അതുപോലെ ബൗണ്‍സും കുറവായിരുന്നു.

hitting Power pic.twitter.com/tKBqF41Ccj

— Cricket Shorts (@cricketshorts07)

അതുകൊണ്ടാണ് അദ്ദേഹം എന്നോട് റിസ്കി ഷോട്ട് വേണ്ടെന്ന് പറഞ്ഞത്. സഞ്ജു കൂടെയില്ലായിരുന്നെങ്കില്‍ റിസ്കുള്ള ചില ഷോട്ടുകള്‍ താന്‍ കളിച്ചേനെയെന്നും പരാഗ് പറഞ്ഞു. ക്രുനാല്‍ പാണ്ഡ്യയുടെ ആദ്യ പന്തില്‍ തന്നെ ഞാന്‍ പുറത്താവേണ്ടതായിരുന്നു. അന്ന് ക്രീസില്‍ സഞ്ജു കൂടെയില്ലായിരുന്നെങ്കില്‍ ഞാന്‍ ആ പരീക്ഷണ ഷോട്ട് കളിച്ചേനേ. നേരിട്ട ആദ്യ പന്തില്‍ പുറത്തായിരുന്നെങ്കിലും എനിക്ക് വലിയ വിഷമം തോന്നില്ല, കാരണം, അതുവരെ എല്ലാം ഞാന്‍ ശരിയായി ചെയ്തിട്ടുണ്ട്. ഗ്രൗണ്ടില്‍ കാണുന്നത് അതിന്‍റെ റിസല്‍ട്ട് മാത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പരാഗ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!