റോഡ് സേഫ്റ്റി സീരീസ്: ആവേശപ്പോരില്‍ ലാറയുടെ വിന്‍ഡീസിനെ വീഴ്ത്തി സച്ചിന്‍റെ ഇന്ത്യ ഫൈനലില്‍

By Web TeamFirst Published Mar 17, 2021, 11:13 PM IST
Highlights

ബ്രയാന്‍ ലാറയും നര്‍സിംഗ് ഡിയോനരെയ്നും ക്രീസിലുണ്ടായിരുന്ന പതിനെട്ടാം ഓവര്‍ വരെ വിന്‍ഡീസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. അവസാന രണ്ടോവറില്‍ 25 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

റായ്പൂര്‍: ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍  ബ്രയാന്‍ ലാറയുടെ വിന്‍ഡീസ് ലെജന്‍ഡ്സിനെ വീഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇന്ത്യ ലെജന്‍ഡ്സ് റോഡ് സേഫ്റ്റി സീരീസ് ഫൈനലില്‍.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സടുത്തപ്പോള്‍ വിന്‍ഡീസ് ലെജന്‍ഡ്സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ശ്രീലങ്ക ലെജന്‍ഡ്സ്-ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സ് രണ്ടാം സെമി ഫൈനലിലെ വിജയികളാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ 218/3,വിന്‍ഡീസ് ലെജന്‍ഡ്സ് 20 ഓവറില്‍ 206/6.

ബ്രയാന്‍ ലാറയും നര്‍സിംഗ് ഡിയോനരെയ്നും ക്രീസിലുണ്ടായിരുന്ന പതിനെട്ടാം ഓവര്‍ വരെ വിന്‍ഡീസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. അവസാന രണ്ടോവറില്‍ 25 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ വിനയ് കുമാറിനെതിരെ ലാറ ആദ്യ പന്തില്‍ രണ്ട് റണ്‍സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടി പ്രതീക്ഷ നല്‍കി. എന്നാല്‍ മൂന്നാം പന്തില്‍ ലാറയെ ക്ലീന്‍ ബൗള്‍ഡാക്കി വിനയ്കുമാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 28 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും പറത്തി ലാറ 46 റണ്‍സെടുത്തു.

അതേ ഓവറിലെ അവസാന പന്തില്‍ ബെസ്റ്റിനെയും വീഴ്ത്തി വിനയ് കുമാര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 17 റണ്‍സ് വേണമെന്നായി. മൂന്നാം പന്തില്‍ നിലയുറപ്പിച്ച ഡിയോനരെയ്ന്‍(44 പന്തില്‍ 59) റണ്ണൗട്ടായതോടെ വിന്‍ഡീസ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഓപ്പണറായി ഇറങ്ങി തകര്‍ത്തടിച്ച ഡ്വയിന്‍ സ്മിത്താണ്(36 പന്തില്‍ 63) വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ലാറക്കും സ്മിത്തിനും ഡിയോനരെയ്നും ഒഴികെ മറ്റാര്‍ക്കും വിന്‍ഡീസ് സ്കോറിലേക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല.  ഇന്ത്യക്കായി വിനയ്കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

തകര്‍ത്തടിച്ച് സച്ചിനും യുവിയും

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും യുവരാജ് സിംഗിന്‍റെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തത്. 42 പന്തില്‍ 65 റണ്‍സെടുത്ത സച്ചിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഓപ്പണിംഗ് വിക്കറ്റില്‍ സച്ചിനും സെവാഗും ചേര്‍ന്ന് ഇന്ത്യ ലെജന്‍ഡ്സിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 5.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സെടുത്തു. 17 പന്തില്‍ 35 റണ്‍സെടുത്ത സെവാഗ് പുറത്തായശേഷം ക്രീസിലെത്തിയ മുഹമ്മദ് കൈഫും(21 പന്തില്‍ 27) സച്ചിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.

സച്ചിന്‍ പുറത്തായശേഷം(42 പന്തില്‍ 65)യൂസഫ് പത്താനും(20 പന്തില്‍ 37*) യുവരാജ് സിംഗും (20 പന്തില്‍ 49*) അടിച്ചു തകര്‍ത്തതോടെ ഇന്ത്യ 200 കടന്നു. ആറ് സിക്സും ഒരു ബൗണ്ടറിയും അടക്കമാണ് യുവരാജ് 49 റണ്‍സെടുത്തത്.

click me!