Asianet News MalayalamAsianet News Malayalam

ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തിനൊരുങ്ങി ബിസിസിഐ, ടി20 ലോകകപ്പിൽ കളിക്കുക വിരാട് കോലിയില്ലാത്ത ഇന്ത്യൻ ടീം

മെല്ലെത്തുടങ്ങി ഇന്നിംഗ്സിനൊടുവില്‍ അടിച്ചു കളിക്കുന്നതാണ് കോലിയുടെ ശൈലി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ പിച്ചുകളില്‍ കോലിയുടെ ഈ ശൈലി തിരിച്ചടിയാകുമെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്.

Virat Kohli will not be named in India's T20 World Cup squad reports
Author
First Published Mar 12, 2024, 11:35 AM IST

മുംബൈ: ഐപിഎല്ലില്ന പിന്നാലെ ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ നായകനായി രോഹിത് ശര്‍മയെ നേരത്തെ പ്രഖ്യാപിച്ച ബിസിസിഐ മറ്റൊരു നിര്‍ണായക തീരുമാനം കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ടീമില്‍ സൂപ്പര്‍ താരം വിരാട് കോലിക്ക് ഇടമുണ്ടാകില്ലെന്ന സൂചനകളാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത ആഴ്ച തുടങ്ങുന്ന ഐപിഎല്ലില്‍ വിരാട് കോലി കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. വ്യക്തിപരമായ കരണങ്ങളാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലി ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാംപില്‍ ചേര്‍ന്നിട്ടില്ല. വിരാട് കോലി ഐപിഎല്ലില്‍ കളിച്ചാലും ടി20 ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനാണെങ്കിലും മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന കോലിയുടെ സ്ട്രൈക്ക് റേറ്റ് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിക്കുന്നുവെന്ന ആക്ഷേപം മുന്നേയുണ്ട്.

ഇന്ത്യന്‍ ടീമില്‍ അവരില്ലാതിരുന്നത് ഇംഗ്ലണ്ടിന്‍റെ ഭാഗ്യം, ഇല്ലായിരുന്നെങ്കില്‍...തുറന്നു പറഞ്ഞ് ഇതിഹാസ താരം

മെല്ലെത്തുടങ്ങി ഇന്നിംഗ്സിനൊടുവില്‍ അടിച്ചു കളിക്കുന്നതാണ് കോലിയുടെ ശൈലി. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ പിച്ചുകളില്‍ കോലിയുടെ ഈ ശൈലി തിരിച്ചടിയാകുമെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. കോലിയെ ഉള്‍പ്പെടുത്തിയാല്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതിരിക്കാനാവില്ല. യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണറാകുമെന്ന് കരുതുന്ന ടീമില്‍ മൂന്നാം നമ്പറില്‍ കോലി വേണോ ശുഭ്മാന്‍ ഗില്‍ വേണോ എന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള ചോദ്യം. എന്തായാലും കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

2022ലെ ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിക്കാത്ത കോലിയെ ഈ വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയാലും കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ ടീം സന്തുലനത്തെ തകിടം മറിക്കുമെന്നതും സെലക്ടര്‍മാരെ അലട്ടുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ കോലിയെക്കാള്‍ സംഭാവന ചെയ്യാനാകുക സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദുബെ, തിലക് വര്‍മ തുടങ്ങിയ താരങ്ങള്‍ക്കാണെന്നും സെലക്ടര്‍മാര്‍ വിലയിരുത്തുന്നു.

ഐപിഎല്ലില്‍ പണമിറക്കി കളിക്കാന്‍ മുന്നോട്ടുവന്ന് സൗദി, അത് നടക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

മെയ് ആദ്യവാരം ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിക്കും മുമ്പെ സെലക്ടര്‍മാര്‍ കോലിയുമായി സംസാരിച്ച് ധാരണയിലെത്തണമെന്നാണ് ബിസിസിഐ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പില്‍ കളിക്കുന്നില്ലെങ്കില്‍ വിരാട് കോലി ഇത്തവണ ഐപിഎല്ലില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios