'രോഹിത് ലോകകപ്പിന്‍റെ പര്യായം'; ടി20 പൂരത്തിലും തീപ്പൊരി പ്രതീക്ഷിക്കാമെന്ന് ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Aug 22, 2021, 8:04 PM IST
Highlights

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തമ്മില്‍ റണ്‍പോരാട്ടം പ്രതീക്ഷിക്കുന്നതായും ദിനേശ് കാര്‍ത്തിക്

ദുബായ്: യുഎഇയും ഒമാനും വേദിയാവുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്രകടനം ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ മികവിനെ ആശ്രയിച്ചിരിക്കുമെന്ന് ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടില്‍ കണ്ട മികവ് ടി20 ലോകകപ്പിലും രോഹിത് ആവര്‍ത്തിക്കുമെന്ന് കാര്‍ത്തിക് പറഞ്ഞു. രോഹിത് ശര്‍മ്മയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തമ്മില്‍ റണ്‍പോരാട്ടം പ്രതീക്ഷിക്കുന്നതായും അദേഹം വ്യക്തമാക്കി. 

'രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറും ഓപ്പണര്‍മാരാണ്. രണ്ടുപേരും മികച്ച താരങ്ങളും. ഇരുവര്‍ക്കും റണ്‍ദാഹമുണ്ട്. രോഹിത് ശര്‍മ്മയും ലോകകപ്പും പര്യായപദങ്ങളാണ്. രണ്ടുപേരും പരസ്‌പരം പ്രണയിക്കുന്നു. പരസ്‌പരം സഹായിക്കാനുള്ള വഴികള്‍ തിരയുന്നു. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കണമെങ്കില്‍ ടോപ് ഓര്‍ഡറില്‍ മിന്നും ബാറ്റിംഗ് രോഹിത് ശര്‍മ്മ പുറത്തെടുക്കേണ്ടതുണ്ട്. ഡേവിഡ് വാര്‍ണര്‍ കുറച്ചുനാളുകളായി ഓസീസിനായി കളിക്കുന്നില്ല. എന്നാല്‍ ദാഹമുള്ള വാര്‍ണര്‍ ഭയപ്പെടുത്തുന്ന താരമാണ്. എല്ലാ വെടിക്കോപ്പുകളുമായാവും വാര്‍ണര്‍ വരിക. ലോകകപ്പില്‍ വലിയ കാര്യങ്ങള്‍ അദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും' ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. 

രോഹിത് ലോകകപ്പിന്‍റെ പര്യായം

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിസ്‌മയ ഫോമിലായിരുന്നു രോഹിത് ശര്‍മ്മ. ഒരു ടൂര്‍ണമെന്‍റില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം അടിച്ചെടുത്തു. ശ്രീലങ്ക, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളോടായിരുന്നു ഹിറ്റ്‍മാന്‍ മൂന്നക്കം കണ്ടത്. ടൂര്‍ണമെന്‍റിലാകെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 648 റണ്‍സ് രോഹിത് സ്വന്തമാക്കി. അതേസമയം 10 മത്സരങ്ങളില്‍ മൂന്ന് വീതം സെഞ്ചുറികളും ഫിഫ്റ്റിയും സഹിതം 647 റണ്‍സ് വാര്‍ണറും അക്കൗണ്ടിലാക്കി. 

ടി20 പൂരം ഒക്‌ടോബര്‍ 17 മുതല്‍

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. വൈരികളായ പാകിസ്ഥാനെതിരെ ഒക്‌ടോബര്‍ 24നാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 14ന് ദുബൈയില്‍ ഫൈനല്‍ നടക്കും. 

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലും. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്‌ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്. 

ടീം ഇന്ത്യയല്ല! ടി20 ലോകകപ്പ് ഫേവറേറ്റുകള്‍ മറ്റൊരു ടീമെന്ന് സ്വാൻ

ഇന്ത്യ നിലവിലെ മികച്ച ബൗളിംഗ് നിര, ഷമി ലോകത്തെ ഏറ്റവും അണ്ടര്‍റേറ്റഡ് ബൗളര്‍; വാഴ്‌ത്തിപ്പാടി ഓസീസ് താരം

'ഇന്ത്യയുടെ ട്രംപ് കാര്‍ഡ്'; ലീഡ്‌സ് ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ഫറൂഖ് എഞ്ചിനീയര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!