
മുംബൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ(Indian ODI Team) നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുന്‍ നായകന്‍ വിരാട് കോലിയെ(Virat Kohli) പ്രശംസിച്ച് രോഹിത് ശര്‍മ(Rohit Sharma). ക്യാപ്റ്റന്‍ സ്ഥാനം ഇല്ലെങ്കിലും വിരാട് കോലി ഈ ടീമിനെ നയിക്കുന്നവരില്‍ ഒരാളാണെന്ന് രോഹിത് ബൊറിയ മജൂംദാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോലിയുടെ നിലവാരമുള്ള ഒരു ബാറ്ററെ ഏത് ടീമും ആഗ്രഹിക്കും. ടി20 ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുണ്ടാവുകയെന്നത് ആലോചിക്കുമ്പോള്‍ തന്നെ അത്ഭുതമാണ്. അതിന് പുറമെ കോലിയുടെ പരിചയസമ്പത്ത്, അദ്ദേഹം ബാറ്റ് കൊണ്ട് എത്ര മത്സരങ്ങളിലാണ് ഇന്ത്യയുടെ രക്ഷക്കെത്തിയിരിക്കുന്നത്-രോഹിത് പറഞ്ഞു.
കോലിയുടെ നിലവാരമുള്ള ഒരു കളിക്കാരനെ ടീമിന് ആവശ്യമുണ്ട്. അതിന് പുറമെ ഈ ടീമിനെ നയിക്കുന്നവരിലൊരാളാണ് കോലി ഇപ്പോഴും. ഇതെല്ലാം ചേരുമ്പോള്‍ ആര്‍ക്കാണ് അദ്ദേഹത്തെ കൈവിടാനാവുക. അദ്ദേഹത്തെപ്പോലൊരു കളിക്കാരനെ ആര്‍ക്കാണ് അവഗണിക്കാനാവുക-രോഹിത് ചോദിച്ചു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കിരീട നേട്ടങ്ങള്‍ക്ക് കാരണം അവരുടെ നിര്‍ണായക കളിക്കാരുടെ പ്രകടനങ്ങളാണെന്ന് രോഹിത് പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് പ്രകടനം നടത്തുന്നവര്‍ ടീമിലുള്ളത് ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സില്‍ തന്‍റെ ജോലി എളുപ്പമാക്കുന്നുവെന്നും രോഹിത് പറഞ്ഞു.
മുംബൈയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ തിളങ്ങാന്‍ കാരണം എന്‍റെ ടീമിലുള്ള കളിക്കാരാണ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കവിടെ വലിയ റോളൊന്നുമില്ല. കാരണം, ടീം അത്രമാത്രം മികച്ചതാണ്. അതിന്‍റെ ക്രെഡിറ്റ് ആദ്യം നല്‍കേണ്ടത് ടീം മാനേജ്മെന്‍റിനാണ്. ഇത്രയും കെട്ടുറപ്പുള്ള ഒരു ടീമിനെ ഒരുക്കിയതിലും കളിക്കാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം ഒരുക്കുന്നതിലും-രോഹിത് പറഞ്ഞു.
ടി20 ലോകകപ്പിന് പിന്നാലെ ടി20 ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഏകദിന നായകനായും തെരഞ്ഞെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!