
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുപതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 502 മത്സരങ്ങളില്‍ നിന്ന് രോഹിത് 19902 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 4301 റണ്‍സും ഏകദിനത്തില്‍ 11,370 റണ്‍സും ട്വന്റി 20യില്‍ 4231 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 98 റണ്‍സ് കൂടി നേടിയാല്‍ രോഹിത് ഇരുപതിനായിരം റണ്‍സ് ക്ലബിലെത്തും.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് രോഹിത്തിന് മുന്‍പ് ഈ നേട്ടത്തില്‍ എത്തിയ താരങ്ങള്‍. സച്ചിന്‍ 34,357 റണ്‍സും കോലി 27,673 റണ്‍സും ദ്രാവിഡ് 24,064 റണ്‍സും നേടിയിട്ടുണ്ട്. ട്വന്റി 20 - ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത് ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ 125 പന്തില്‍ പുറത്താവാതെ 121 റണ്‍സെടുത്തിരുന്നു.
അതേസമയം, ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. റാഞ്ചിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ചരിത്രവിജയം ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്കയും. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് റാഞ്ചിയില്‍ തുടക്കമാവുമ്പോള്‍ സമ്മര്‍ദം ഇന്ത്യക്ക് തന്നെയാണ്. കോച്ച് ഗൗതം ഗംഭീറിന് ആധികാരിക ജയത്തിലൂടെ മാത്രമേ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ കഴിയൂ.
ടെസ്റ്റ് പരമ്പരയിലെ ബാറ്റിംഗ് തകര്‍ച്ച പരിചയസമ്പന്നരായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും സാന്നിധ്യത്തിലൂടെ ചെറുക്കാനാവുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷ. ഏകദിനത്തില്‍ 84 സെഞ്ച്വറികളോടെ ഇരുവരും അടിച്ചുകൂട്ടിയത് 47,575 റണ്‍സ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിക്കേറ്റ് പുറത്തായതോടെ ടീമിനെ നയിക്കുന്നത് കെ എല്‍ രാഹുലാണ്. രാഹുല്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ഹാര്‍ദിക് പണ്ഡ്യയുടെയും അക്‌സര്‍ പട്ടേലിന്റെയും അഭാവത്തില്‍ രവീന്ദ്ര ജഡേജയ്ക്കും വാഷിംഗ്ടണ്‍ സുന്ദറിനുമാണ് ഓള്‍റൗണ്ടര്‍മാരുടെ ചുമതല.