'ലോകകപ്പിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി അറിയാം'; വിരാട് കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് രോഹിത് ശര്‍മ

Published : Sep 29, 2026, 06:27 PM IST
Virat Kohli and Rohit Sharma

Synopsis

വിരാട് കോലിയുമായുള്ള തന്റെ ദീർഘകാല സൗഹൃദത്തെക്കുറിച്ചും ക്രിക്കറ്റിലെ കൂട്ടുകെട്ടിനെക്കുറിച്ചും രോഹിത് ശർമ മനസ്സ് തുറക്കുന്നു. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ കോലിയുടെ ക്യാപ്റ്റൻസിയെയും 2027 ലോകകപ്പ് തയ്യാറെടുപ്പുകളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഗുവാഹത്തി: ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളാണ് രോഹിത് ശര്‍മയും വിരാട് കോലിയും. ഒന്നിച്ച് കളിച്ചും, നയിച്ചും, വിജയങ്ങള്‍ ആഘോഷിച്ചും, ഒടുവില്‍ കരിയറിന്റെ സായാഹ്നത്തിലേക്ക് കടക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. ജിയോസ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചും സഹതാരത്തെക്കുറിച്ചും മനസ്സ് തുറന്നത്.

തങ്ങളെക്കുറിച്ചുള്ള 'റോ-കോ' എന്ന ജനപ്രിയ വിളിപ്പേര് ടിവിയില്‍ കാണുമ്പോള്‍ പരസ്പരം നോക്കി ചിരിക്കാറുണ്ടെന്ന് രോഹിത് പറയുന്നു. 'ആളുകള്‍ക്ക് ഗോസിപ്പുകള്‍ വേണമല്ലോ, അതുകൊണ്ട് അങ്ങനെയൊക്കെ നടക്കട്ടെ,' അദ്ദേഹം തമാശയായി പറഞ്ഞു. 2007-ല്‍ രോഹിത്തും 2008-ല്‍ കോലിയും അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇവരുടെ കരിയര്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ഇഴചേര്‍ന്നു കിടക്കുകയാണ്.

കളിക്കളത്തിലെ വ്യത്യസ്ത ശൈലികള്‍ക്കപ്പുറം, ടീമിനായി തങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുക എന്ന ലക്ഷ്യത്തില്‍ ഇരുവരും എപ്പോഴും ഒറ്റക്കെട്ടാണെന്ന് രോഹിത് ഓര്‍മ്മിപ്പിച്ചു. കോലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയെയും അദ്ദേഹം വാനോളം പ്രശംസിച്ചു. തന്റെ ബാറ്റിംഗിലെ പോരായ്മകളെക്കുറിച്ച് കോലിയും തന്റെ പ്രകടനങ്ങളെക്കുറിച്ച് താനും പരസ്പരം ചര്‍ച്ച ചെയ്യാറുണ്ടെന്നും രോഹിത് വെളിപ്പെടുത്തി.

2027-ലെ ഏകദിന ലോകകപ്പിനെക്കുറിച്ചോ അതിനായുള്ള ഒരുക്കങ്ങളെക്കുറിച്ചോ കോലിയോട് പ്രത്യേകം സംസാരിക്കേണ്ടതില്ലെന്ന് രോഹിത് വ്യക്തമാക്കി. 'അദ്ദേഹം വര്‍ഷങ്ങളായി കളിക്കുന്നയാളാണ്. ലോകകപ്പിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി അറിയാം.' രോഹിത് പറഞ്ഞു.

വ്യത്യസ്ത വ്യക്തിത്വങ്ങളും ശൈലികളും ആണെങ്കിലും, ഇന്ത്യയെ ജയിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഇരുവരും ഇപ്പോഴും മുന്നോട്ട് പോകുന്നത്. വിരാട് കോലി ലണ്ടനിലേക്ക് മാറിയതുകൊണ്ട് ഇപ്പോള്‍ കാണുന്നത് കുറവാണെങ്കിലും, പരസ്പരമുള്ള ആദരവും സൗഹൃദവും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ അക്തര്‍ വരുന്നു, ക്രിക്കറ്റ്‌ ബോര്‍ഡില്‍ നിര്‍ണായക റോള്‍ ലഭിച്ചേക്കും, കൂടിക്കാഴ്‌ചകള്‍ പൂര്‍ത്തിയായി
വിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യ നാളെ ഇറങ്ങും, ടീമിൽ മാറ്റം ഉറപ്പ്, സാധ്യതാ ഇലവൻ അറിയാം