
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്ക- ഇന്ത്യ (SAvIND) മൂന്നാം ഏകദിനത്തിനിടെ വിരാട് കോലി- അനുഷ്‌ക ശര്‍മ (Virat Kohli) ദമ്പതികളുടെ മകള്‍ വാമികയുടെ ചിത്രം വൈറലായിരുന്നു. ആദ്യമായിട്ടാണ് മകളുടെ (Vamika Kohli) ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മകളുടെ ചിത്രം പുറത്തുവിടാതിരിക്കാന്‍ കോലിയും അനുഷ്‌കയും (Anushka Sharma) ശ്രദ്ധിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും വ്യക്തമായ നിലപാടും ഇണ്ടായിരുന്നു.
'അവള്‍ക്ക് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാന്‍ അവസരം കൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവള്‍ക്ക് പ്രായമായി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അവളെ നിയന്ത്രിക്കാന്‍ കഴിയില്ല, അതിനാല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ പിന്തുണ ഞങ്ങള്‍ ആവശ്യമാണ്.' ഇതായിരുന്നു ഇക്കാര്യത്തില്‍ കോലിയുടെ നിലപാട്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ടപ്പോള്‍ മകളുടെ ചിത്രമെടുക്കരുതെന്ന് വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് കോലി അഭ്യര്‍ത്ഥിച്ചിരുന്നു. വാമികയുടെ ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യന്‍ പാപ്പരാസികളോടും മാധ്യമങ്ങളോടും ഞങ്ങള്‍ നന്ദി പറഞ്ഞ് അനുഷ്‌ക ഇന്‍സ്റ്റ്ഗ്രാം ഹാന്‍ഡിലില്‍ സ്റ്റോറിയിടുകയും ചെയ്തു.
എന്നാല്‍ ഇന്നലെ ചിത്രം വൈറലായതോടെ കോലിക്കും പ്രതികരിക്കേണ്ടി വന്നു. കോലിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിങ്ങനെ... ''ഇന്നലെ മൂന്നാം ഏകദിനത്തിനിടെ ഞങ്ങളുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ക്യാമറ ഞങ്ങള്‍ക്ക് നേരെയാണ് അറിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് പഴയത് തന്നെയാണ്, മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ ചിത്രം പ്രചരിച്ചില്ലായിരുന്നെങ്കില്‍ ആ പ്രവൃത്തി അഭിനന്ദിക്കപ്പെട്ടേനെ.'' കോലി ഒരിക്കല്‍കൂടി നിലപാട് വ്യക്തമാക്കി.
അനുഷ്‌കയും ഇതേ കുറിപ്പ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. ഇക്കഴിഞ്ഞ ജനുവരി 11നാണ് ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അതിഥി വന്നത്. മകള്‍ വാമികയുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ താരദമ്പതികള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.