പരിക്കിന് ശേഷം മടങ്ങിയെത്തിയ തിലക് വര്‍മ, ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ എ ടീമിനായി 38 റണ്‍സ് നേടി. 

നവി മുംബൈ: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ച തിലക് വര്‍മ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി തിലക് 24 പന്തുകളില്‍ 38 റണ്‍സെടുത്ത് പുറത്തായി. പരിക്കിന് ശേഷമാണ് അദ്ദേഹം ടീമിലെത്തുന്നത്. ടി20 ലോകകപ്പിന് മുമ്പ് താളം കണ്ടെത്തുന്നിന് മുന്നോടിയായാണ് തിലകിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, അമേരിക്കയ്‌ക്കെതിരെ മികച്ച നിലയിലാണ് ഇന്ത്യ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 160 റണ്‍സെടുത്തിട്ടുണ്ട്. എന്‍ ജഗദീഷന്‍ (91), ആയുഷ് ബദോനി (2) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ടോസ് നേടിയ യുഎസ് ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്ത ശേഷം പ്രിയാന്‍ഷ് ആര്യ (28) ആദ്യം മടങ്ങി. തുടര്‍ന്ന് തിലക് - ജഗദീഷന്‍ സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തിലക് 14-ാം ഓവറില്‍ മടങ്ങി. 24 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ആയുഷ് ബദോനിയാണ് ഇന്ത്യയെ നയിക്കുന്നത്. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം.

ഇന്ത്യ എ: എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, തിലക് വര്‍മ, നമന്‍ ധിര്‍, ആയുഷ് ബദോനി (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഉര്‍വില്‍ പട്ടേല്‍, അശുതോഷ് ശര്‍മ, രവി ബിഷ്ണോയ്, ഖലീല്‍ അഹമ്മദ്, മായങ്ക് യാദവ്, അശോക് ശര്‍മ, വിപ്രരാജ് നിഗം, വിപ്രരാജ് നിഗം.

അമേരിക്ക: ആന്‍ഡ്രീസ് ഗൗസ്, സായ്‌തേജ മുക്കമല്ല, മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷെഹാന്‍ ജയസൂര്യ, ശുഭം രഞ്ജനെ, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ഷയാന്‍ ജഹാംഗീര്‍, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്, അലി ഖാന്‍, സൗരഭ് നേത്രവല്‍കര്‍, മിലിന്ദ് കുമാര്‍, മുഹമ്മദ് മുഹ്‌സിന്‍, നൊസ്തുഷ് കെഞ്ചിഗെ, ജസ്ദീപ് സിംഗ്.

മറ്റൊരു സന്നാഹ മത്സരത്തില്‍ നമീബിയയും ഇന്ത്യ എ ടീമിനെതിരെ കളിക്കുന്നുണ്ട്. അതിലും തിലക് വര്‍മ കളിക്കുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട മറ്റാരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ബുധനാഴ്ച്ച നടക്കാനുണ്ട്. ഈ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെ ഓപ്പണറായേക്കും.

YouTube video player