SA vs IND : 'രാഹുല്‍ കോലിയെ കണ്ട് പഠിക്കണം'; ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Jan 21, 2022, 9:23 PM IST
Highlights

രോഹിത് ശര്‍മയ്ക്ക് (Rohit Sharma) പരിക്കേറ്റപ്പോള്‍ ഏകദിന പരമ്പരയിലും രാഹുലിനെയാണ് ക്യാപ്റ്റനാക്കിയത്. എന്നാല്‍ ആദ്യ ഏകദിനത്തിലെ തോല്‍വിയോടെ താരം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയായി. 
 

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിന്റെ (KL Rahul) ക്യാപ്റ്റന്‍സി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റിലാണ് രാഹുല്‍ ക്യാപ്റ്റനായത്.  മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. രോഹിത് ശര്‍മയ്ക്ക് (Rohit Sharma) പരിക്കേറ്റപ്പോള്‍ ഏകദിന പരമ്പരയിലും രാഹുലിനെയാണ് ക്യാപ്റ്റനാക്കിയത്. എന്നാല്‍ ആദ്യ ഏകദിനത്തിലെ തോല്‍വിയോടെ താരം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയായി. 

ഇപ്പോള്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്‌ജേരക്കര്‍. വിരാട് കോലിയെ കണ്ട് പഠിക്കാനാണ് അദ്ദേഹം പറയുന്നത്. ''ടീമിനെ നയിക്കുമ്പോള്‍ ബാറ്റിംഗില്‍ കെഎല്‍ രാഹുലിന്റെ സ്വാധീനം കുറയുന്നു.  ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ നയിച്ചിരുന്നപ്പോള്‍ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 133 ആയിരുന്നു. എന്നാല്‍ ക്യാപ്റ്റനല്ലാത്ത സമയത്ത് അദ്ദേഹത്തിന് 146 സ്ട്രൈക്ക് റേറ്റുണ്ടായിരുന്നു. ഈ പ്രവണത ടീമിനെ അവസാനം മോശമായി ബാധിക്കുന്നതാണ് കാണുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ റിഷഭ് പന്ത് വളരെ ആത്മവിശ്വാസത്തോയെയാണ് തുടക്കം മുതല്‍ ബാറ്റ് ചെയ്തത്. കോലി കൂടി പുറത്തായത് കൊണ്ടാണ് രാഹുല്‍ പ്രതിരോധത്തിലേക്ക് പോയതെന്ന് വാദിക്കാം. ബാറ്റിങില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള രാഹുലിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. 

ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കോലി. ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും അദ്ദേഹത്തിലെ ബാറ്ററെ നമുക്ക് നഷ്ടമായില്ല. മാത്രമല്ല സ്വന്തം ബാറ്റിങ് മികവില്‍ കോലി ഒരുപാട് മല്‍സരങ്ങല്‍ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു. ഇതു പോലെയുള്ള രാഹുലിനെയാണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.'' മഞ്ജരേക്കര്‍ പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ രാഹുല്‍ 55 റണ്‍സാണ് നേടിയത്. 79 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ ഇത്രയും റണ്‍സ് നേടിയത്. ഇതില്‍ നാല് ഫോറും ഉള്‍പ്പെടുന്നു.

click me!