SA vs IND : 'ഇക്കാര്യത്തില്‍ രാഹുലിനെ ഞാന്‍ കുറ്റം പറയില്ല'; പിന്തുണയുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

By Web TeamFirst Published Jan 21, 2022, 9:45 PM IST
Highlights

രാഹുലിന്‍റെ പതുക്കെയുള്ള ഇന്നിംഗ്‌സിന്റെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മറുവാദവുമുണ്ട്. ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ അടുത്തടുത്ത് നഷ്ടമായപ്പോഴാണ് രാഹുലിന് അങ്ങനെ കളിക്കേണ്ടി വന്നതെന്നാണ് വാദം.

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) 55 റണ്‍സാണ് നേടിയത്. എന്നാല്‍ അതിനായി 79 പന്തുകളാണ് താരം നേരിട്ടത്. പതുക്കെയുള്ള ഇന്നിംഗ്‌സിന്റെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മറുവാദവുമുണ്ട്. ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ അടുത്തടുത്ത് നഷ്ടമായപ്പോഴാണ് രാഹുലിന് അങ്ങനെ കളിക്കേണ്ടി വന്നതെന്നാണ് വാദം.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരില്‍ കുള്ളിനന്‍ ആ അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്. സാഹചര്യമാണ് രാഹുലിനെ പ്രതിരോധത്തിലാക്കിയതെന്നാണ് അദ്ദേഹവും പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രാഹുലിന്റെ ബാറ്റിങ് ശൈലിയെ താന്‍ വിമര്‍ശിക്കില്ല. സാഹചര്യത്തിനു അനുസരിച്ചാണ് രാഹുല്‍ ബാറ്റ് ചെയ്തത്. ഇന്ത്യന്‍ ഇന്നിങ്സ് നോക്കിയാല്‍ രാഹുല്‍ ബാറ്റ് ചെയ്ത രീതിയില്‍ ഒരു കുഴപ്പവുമില്ല. അദ്ദേഹം തുടക്കത്തില്‍ തന്നെ പുറത്തായിരുന്നെങ്കില്‍ അതു ഇന്ത്യയെ കുഴപ്പത്തിലാക്കുമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു ഘട്ടത്തില്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യേണ്ടത് പ്രധാനമായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റാലും ഞാന്‍ രാഹുലിനെതിരേ വിരല്‍ ചൂണ്ടില്ല.'' അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുല്‍ കോലിയെ കണ്ട് പഠിക്കണെമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. '' ബാറ്റിങില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള രാഹുലിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കോലി. ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും അദ്ദേഹത്തിലെ ബാറ്ററെ നമുക്ക് നഷ്ടമായില്ല. മാത്രമല്ല സ്വന്തം ബാറ്റിങ് മികവില്‍ കോലി ഒരുപാട് മല്‍സരങ്ങല്‍ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു. ഇതു പോലെയുള്ള രാഹുലിനെയാണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.'' മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം, രാഹുലിന്റെ ക്യാപ്റ്റന്‍സി വ്യപാകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് രാഹുല്‍ ആദ്യമായി ക്യാപ്റ്റനായത്.  മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റപ്പോള്‍ ഏകദിന പരമ്പരയിലും രാഹുലിനെയാണ് ക്യാപ്റ്റനാക്കിയത്. എന്നാല്‍ ആദ്യ ഏകദിനത്തിലെ തോല്‍വിയോടെ താരം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയായി. 

click me!