SA vs IND : 'ക്യാപ്റ്റന്‍സി ആരുടേയും ജന്മാവകാശമല്ല'; കോലിയുടെ ഭാവിയെ കുറിച്ച് ഗൗതം ഗംഭീര്‍

By Web TeamFirst Published Jan 17, 2022, 6:14 PM IST
Highlights

ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് കോലിയെ ബാറ്റര്‍ മാത്രമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണുക. അതുകൊണ്ടുതന്നെ കോലിയുടെ ബാറ്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും.

കേപ്ടൗണ്‍: ക്യാപ്റ്റന്‍സി ഭാരമില്ലാതെയാണ് വിരാട് കോലി (Virat Kohli) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് കോലിയെ ബാറ്റര്‍ മാത്രമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണുക. അതുകൊണ്ടുതന്നെ കോലിയുടെ ബാറ്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും. പഴയ കോലിയെ കാണാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് (Goutam Gambhir) അത്തരത്തില്‍ ഒരു അഭിപ്രായമില്ല. 

പുതിയ കോലിയെ ഗ്രൗണ്ടില്‍ കാണാനാവില്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ''ധോണിയെപ്പോലെയുള്ളവര്‍ ക്യാപ്റ്റന്‍സി ബാറ്റണ്‍ കോലിക്കു കൈമാറുകയും കീഴില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഐസിസി ട്രോഫിയും നാലു ഐപിഎല്‍ കിരീടങ്ങളും നേടിയിട്ടുള്ള ക്യാപ്റ്റനാണ് ധോണി. ക്യാപ്റ്റന്‍സിയെന്നത് ആരുടെയും ജന്‍മാവകാശമായി കരുതണ്ട്. 

കോലി ഇനി ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ടോസിനായി കോലി ഗ്രൗണ്ടിലേക്കു പോവുന്നില്ലെന്നതും ഫീല്‍ഡിങ് ക്രമീകരണം നടത്തുത്തില്ലെന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ താരവും ചെയ്യുന്നത് ഒന്നു തന്നെയാണ്. നിങ്ങളുടെ ഊര്‍ജവും തീവ്രതയും പഴയതു പോലെ തന്നെ തുടരും, കാരണം രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്.'' ഗംഭീര്‍ പറഞ്ഞു. 

''ക്യാപ്റ്റന്‍സിയില്ലെന്നു കരുതി വിരാട് കോലിയുടെ റോളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക, ഒരുപാട് റണ്‍സ് നേടുക, ഇന്നിങ്സിനു ചുക്കാന്‍ പിടിക്കുകയെന്നതെല്ലാം അന്നും ഇനിയും കോലിയുടെ റോള്‍ തന്നെയാണ്. ഇന്ത്യക്കു വേണ്ടി കളിക്കണമെന്ന് സ്വപ്നം കാണുമ്പോള്‍ ക്യാപ്റ്റനാവുന്നതിനെക്കുറിച്ച് സ്വപ്നം കാണാറില്ല. ഇന്ത്യക്കായി മല്‍സരങ്ങള്‍ ജയിക്കണമെന്ന മാത്രമെ സ്വപ്‌നം കാണൂ.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

2014ലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. എം എസ് ധോണിക്ക് പകരമാണ് കോലി വരുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെയായിരുന്നു കോലി ക്യാപ്റ്റനാകുന്നത്.

click me!