Latest Videos

SA vs IND: റെക്കോര്‍ഡിലും ഷമിയുടെ ഹീറോയിസം, പിന്നിലാക്കിയത് അശ്വിനെ

By Web TeamFirst Published Dec 28, 2021, 11:15 PM IST
Highlights

ടെസ്റ്റില്‍ 9896 പന്തുകള്‍ എറിഞ്ഞാണ് ഷമി 200 വിക്കറ്റ് ക്ലബ്ബിലെത്തിയത്. 10248 പന്തുകള്‍ എറിഞ്ഞ് 200 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സ്പിന്നര്‍ ആര്‍ അശ്വിനെയാണ്(R Ashwin) ഇക്കാര്യത്തില്‍ ഷമി പിന്നിലാക്കിയത്. കപില്‍ ദേവ്(11066 പന്തുകള്‍), രവീന്ദ്ര ജഡേജ(11989 പന്തുകള്‍) എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്കും അശ്വിനും പിന്നിലുള്ളത്.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കകകെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) അഞ്ച് വിക്കറ്റുമായി തിളങ്ങിയ പേസര്‍ മുഹമ്മദ് ഷമിക്ക്(Mohammed Shami) റെക്കോര്‍ഡ്. അഞ്ച് വിക്കറ്റ് നേട്ടത്തോടെ 200 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടിയ 31കാരനായ ഷമി ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് ഇന്ന് എറിഞ്ഞിട്ടത്.

ടെസ്റ്റില്‍ 9896 പന്തുകള്‍ എറിഞ്ഞാണ് ഷമി 200 വിക്കറ്റ് ക്ലബ്ബിലെത്തിയത്. 10248 പന്തുകള്‍ എറിഞ്ഞ് 200 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സ്പിന്നര്‍ ആര്‍ അശ്വിനെയാണ്(R Ashwin) ഇക്കാര്യത്തില്‍ ഷമി പിന്നിലാക്കിയത്. കപില്‍ ദേവ്(11066 പന്തുകള്‍), രവീന്ദ്ര ജഡേജ(11989 പന്തുകള്‍) എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്കും അശ്വിനും പിന്നിലുള്ളത്.

കരിയറിലെ 55-ാം ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ച ഷമി അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറായി. 50 ടെസ്റ്റുകളില്‍ 200 വിക്കറ്റ് പിന്നിട്ട ബൗളിംഗ് ഇതിഹാസം കപില്‍ ദേവിനും 54 ടെസ്റ്റുകളില്‍ 200 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ജവഗല്‍ ശ്രീനാഥിനും തൊട്ടുപിന്നിലാണ് ഷമി. 63 ടെസ്റ്റുകളില്‍ 200 വിക്കറ്റ് തികച്ച സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയുമാണ് ഷമിക്ക് പിന്നിലുള്ളത്.

Milestone Alert 🚨 - 200 Test wickets for 👏👏 pic.twitter.com/YXyZlNRkQ1

— BCCI (@BCCI)

പേസര്‍മാരെയും സ്പിന്നര്‍മാരെയും ചേര്‍ത്താല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ അതിവേഗം 200 വിക്കറ്റ് തികക്കുന്ന ഒമ്പതാമത്തെ ബൗളറാണ് ഷമി. 37 ടെസ്റ്റില്‍ 200 പിന്നിട്ട അശ്വിന്‍ ആണ് ഈ നേട്ടത്തില്‍ ഏറ്റവും മുമ്പില്‍. 33 ടെസ്റ്റില്‍ 200 വിക്കറ്റ് സ്വന്തമക്കിയ പാക് സ്പിന്നര്‍ യാസിര്‍ ഷാ ആണ് ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 200 വിക്കറ്റിലെത്തിയ ബൗളര്‍.

ടെസ്റ്റ് കരിയറിലെ ആറാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഷമി ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തമാക്കിയത്. ഫസ്റ്റ് ഇന്നിംഗ്സില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഷമി അ‍ഞ്ച് വിക്കറ്റെടുക്കുന്നത്. 2015ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ 112 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇതിന് മുമ്പത്തെ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനം.

2013ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ഷമി 2018 മുതലാണ് ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായത്. 2018ല്‍ 47 വിക്കറ്റും 2019ല്‍ 33 വിക്കറ്റും വീഴ്ത്തിയ ഷമി ജസ്പ്രീത് ബുമ്രക്കും ഇഷാന്ത് ശര്‍മക്കും ഉമേഷ് യാദവിനുമൊപ്പം ഇന്ത്യയുടെ പേസ് പടയുടെ മുന്‍നിര പോരാളിയുമായി.

click me!