ലോകരാജ്യങ്ങൾ പ്രതികരിച്ചു തുടങ്ങുമ്പോൾ അവരുടെ തീരുമാനത്തിൽ മാറ്റം വന്നേക്കാം. ഇതിലൊന്നും പുതുമയില്ല.
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്‍റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ. വിരമിക്കൽ പ്രഖ്യാപിച്ച ശേഷം നാലു ദിവസത്തിനുള്ളിൽ തീരുമാനം മാറ്റി തിരിച്ചുവരുന്ന ശീലം പാക് ക്രിക്കറ്ററന്മാർക്കുണ്ടെന്നും, അതുപോലെ ഈ ബഹിഷ്കരണ തീരുമാനവും അവർ ഉടൻ തിരുത്തി തിരിച്ചുവരുമെന്നും ഗവാസ്കർ ആജ് തക്കിനോട് പറഞ്ഞു.
ലോകരാജ്യങ്ങൾ പ്രതികരിച്ചു തുടങ്ങുമ്പോൾ അവരുടെ തീരുമാനത്തിൽ മാറ്റം വന്നേക്കാം. ഇതിലൊന്നും പുതുമയില്ല. വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ആരാധകർ ആവശ്യപ്പെടുന്നു എന്ന് പറഞ്ഞ് വെറും നാലു ദിവസം കൊണ്ട് വിരമിക്കല്‍ പിന്‍വലിക്കുന്നവരാണ് പാക് താരങ്ങള്‍. അതുപോലെ തന്നെ പാക് സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ അവിടുത്തെ ആരാധകർ തന്നെ രംഗത്തുവന്നേക്കാം. ഫെബ്രുവരി 15-ന് മുൻപ് അവർ തീരുമാനം മാറ്റിയാൽ അത്ഭുതപ്പെടാനില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും മത്സരത്തിനായി കൊളോംബോയിലേക്ക് പോകുമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഐസിസി പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യൻ ടീം മത്സരത്തിനായി കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ എത്തും. ഒരു ടീം മത്സരം ബഹിഷ്കരിച്ചാൽ, എതിർ ടീമിനെ വിജയികളായി പ്രഖ്യാപിക്കണമെങ്കില്‍ അവർ ഗ്രൗണ്ടിൽ ഉണ്ടാകണമെന്നതിനാലാണിത്.
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ടോസിനായി ഗ്രൗണ്ടിലെത്തും. പാക് നായകൻ സൽമാൻ അലി ആഗ എത്തിയില്ലെങ്കിൽ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും രണ്ട് പോയിന്റ് അനുവദിക്കുകയും ചെയ്യും. അതേസമയം, സർക്കാർ തീരുമാനത്തോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) യോജിപ്പുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഉടൻ മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിക്കുമെന്നാണ് സൂചന. ലോകകപ്പിൽ നിന്ന് തന്നെ പുറത്താക്കപ്പെടുമെന്ന ഐസിസി മുന്നറിയിപ്പ് നിലനിൽക്കെ, പിസിബിയുടെ അടുത്ത നീക്കം നിർണായകമാണ്.
