SA vs IND : രണ്ടാം ഏകദിനത്തിലും തോല്‍വി; ഏകദിന പരമ്പരയും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ അടിയറവ് വച്ചു

By Web TeamFirst Published Jan 21, 2022, 10:07 PM IST
Highlights

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ (Team India) നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

പാള്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് (SAvIND). പാളില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ (Team India) നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ആദ്യ രണ്ട് ഏകദിനവും ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 

ജന്നെമാന്‍ മലാന്‍ (91), ക്വിന്റണ്‍ ഡി കോക്ക് (78) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 132 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും സമയം വൈകിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ തെംബ ബവൂമയും (35) വിജയത്തില്‍ മോശമല്ലാത്ത പങ്കുവഹിച്ചു. മലാനൊപ്പം 80 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. 

എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇരുവരേയും നഷ്ടമായി. മലാനെ ബുമ്ര ബൗള്‍ഡാക്കി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ബവൂമയെ യൂസ്‌വേന്ദ്ര ചാഹല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. എന്നാല്‍ എയ്ഡന്‍ മാര്‍ക്രം (37)- റാസി വന്‍ ഡര്‍ ഡസ്സന്‍ (37) കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 29 റണ്‍സെടുത്ത ശിഖര്‍ ധവാനെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലിക്ക് (0) റണ്‍സൊന്നും സാധിച്ചില്ല. കേശവ് മഹാരാജിന്റെ പന്തില്‍ കവറില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- പന്ത് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 

ഇരുവരും 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൂട്ടത്തില്‍ പന്തായിരുന്നു ആക്രമണകാരി. രാഹുലാവട്ടെ രണ്ട് വിക്കറ്റ് വീണതോടെ സൂക്ഷമതയോടെയാണ് കളിച്ചിരുന്നത്. രാഹുലിനെ പുറത്താക്കി സിസാന്‍ഡ മഗാല ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. ക്യാപ്റ്റന്‍ പോയതോടെ പന്തിനും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. ഷംസിയുടെ പന്തില്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കി മടങ്ങി. രണ്ട് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്.  

അഞ്ചാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (11) തുടര്‍ച്ചയായ രണ്ടാം തവണയും പരാജയപ്പെട്ടു. ഷംസിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വെങ്കടേഷ് അയ്യര്‍ക്ക് (22) ഇത്തവണയും കാര്യമായോന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഠാക്കൂര്‍- ആര്‍ അശ്വിന്‍ (24 പന്തില്‍ പുറത്താവാതെ 25) സഖ്യം ഇന്ത്യയെ സുരക്ഷിതമായ തീരങ്ങളിലെത്തിച്ചു. ഇരുവരും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഠാക്കൂറിന്റെ ഇന്നിംഗ്‌സ്. തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് നേടി.

click me!