ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് രാഹുല്‍ ദ്രാവിഡ് അറിയപ്പെടുന്നത്

കേപ് ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന് (Rahul Dravid) ഇന്ന് 49-ാം പിറന്നാള്‍. ടീം ഇന്ത്യയുടെ (Team India) പരിശീലകനായ ദ്രാവിഡ‍് കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനിടെയാണ് (South Africa vs India 3rd Test) പിറന്നാളാഘോഷിക്കുന്നത്. കേപ് ടൗണില്‍ ജയിച്ച് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയാല്‍ ദ്രാവിഡിനത് പിറന്നാള്‍ വാരത്തില്‍ ഇരട്ടിമധുരമാകും. 

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് രാഹുല്‍ ദ്രാവിഡ് അറിയപ്പെടുന്നത്. 1996ലായിരുന്നു ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം. രാജ്യാന്തര കരിയറില്‍ 24,208 റണ്‍സ് പേരിലാക്കി. 164 ടെസ്റ്റില്‍ 36 സെഞ്ചുറികളും അഞ്ച് ഇരട്ട ശതകങ്ങളും സഹിതം 13288 റണ്‍സും 344 ഏകദിനങ്ങളില്‍ 12 സെഞ്ചുറി ഉള്‍പ്പടെ 10889 റണ്‍സും ദ്രാവിഡിനുണ്ട്. ടെസ്റ്റില്‍ 52.31ഉം ഏകദിനത്തില്‍ 39.17ഉം ആണ് ബാറ്റിംഗ് ശരാശരി. ബാറ്റിംഗിന് പുറമെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസും ടീം ഇന്ത്യയുടെ നായക കുപ്പായവും ദ്രാവിഡ് അണിഞ്ഞിട്ടുണ്ട്. 

ടെസ്റ്റില്‍ അഞ്ച് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം രാഹുല്‍ ദ്രാവിഡിന് സ്വന്തം. തുടര്‍ച്ചയായ ഏഴ് ടെസ്റ്റുകളില്‍ 50+ സ്‌കോര്‍ നേടി. 2006ലായിരുന്നു ഇത്. എല്ലാ ടെസ്റ്റ് രാഷ്‌ട്രങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരം, എവേ പരമ്പരകളില്‍ എല്ലാ ടെസ്റ്റ് ടീമുകള്‍ക്കെതിരെയും സെഞ്ചുറി നേടിയ ആദ്യ താരം എന്ന നേട്ടവും സ്വന്തം. തുടര്‍ച്ചയായി നാല് ടെസ്റ്റ് ശതകങ്ങള്‍ നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ അംഗം തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ വിസ്‌മയ കരിയറില്‍ ദ്രാവിഡിന് സ്വന്തം. 

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിനൊടുവില്‍ 2012ലാണ് രാഹുല്‍ ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചത്. വിരമിക്കലിനൊടുവില്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്‍റെ ഉപദേശകനായി. ഇന്ത്യന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ എന്ന നിലയില്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ തുടങ്ങി നിരവധി താരങ്ങളെ കണ്ടെടുത്തു. ഇന്ത്യ എ ടീമിനെയും പരിശീലിപ്പിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഡ‍ല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ ഉപദേശകനായും ദ്രാവിഡിനെ ആരാധകര്‍ കണ്ടു. 

രവി ശാസ്‌‌ത്രിയുടെ കാലാവധി പൂര്‍ത്തിയായതോടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പൂര്‍ണ സമയം പരിശീലകനായി ചുമതലയേറ്റത്. ഇതിന് മുമ്പ് ശ്രീലങ്കന്‍ പര്യടനത്തില്‍ ടീം ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. ദ്രാവിഡിന് കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് തന്നെ ജയിച്ച ടീം ഇന്ത്യ ചരിത്രത്തിലാദ്യമായി മഴവില്‍ രാഷ്‌ട്രത്തില്‍ പരമ്പര ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. ദ്രാവിഡിന്‍റെ പിറന്നാള്‍ദിനമായ ഇന്ന് കേപ് ടൗണിലാരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ വിജയിച്ചാല്‍ കോലിപ്പടയ്‌ക്ക് ചരിത്ര പരമ്പര സ്വന്തമാകും.

SA vs IND : ഇന്ത്യയുടെ പരമ്പര മോഹം കവരുമോ മഴ? കേപ് ടൗണിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ