SA vs IND : ഇന്ത്യയുടെ പരമ്പര മോഹം കവരുമോ മഴ? കേപ് ടൗണിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

By Web TeamFirst Published Jan 11, 2022, 10:22 AM IST
Highlights

കേപ് ടൗണില്‍ ഇന്ന് ഇന്ത്യൻസമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയും ടീം ഇന്ത്യയും മൂന്നാം ടെസ്റ്റിന് (South Africa vs India 3rd Test) കേപ് ടൗണില്‍ (Newlands Cape Town) ഇന്നുമുതല്‍ ഇറങ്ങുകയാണ്. ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ഉയര്‍ത്താമെന്നത് സ്വപ്‌നം കാണുകയാണ് കോലിപ്പട (Team India). പരമ്പര വിജയികളെ നിശ്‌ചയിക്കുന്ന കേപ് ടൗണ്‍ അഗ്‌നിപരീക്ഷയുടെ ചൂട് തല്ലിക്കെടുത്തി മഴ പെയ്യുമോ? കേപ് ടൗണില്‍ വരുന്ന അഞ്ച് ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം (Cape Town Weather Forecast) നോക്കാം. 

മോഹം തകര്‍ക്കുമോ മഴ

ആദ്യ രണ്ട് ടെസ്റ്റിലും മഴ കളിച്ചുവെങ്കില്‍ മൂന്നാം അങ്കത്തിന് കാര്യമായ മഴ ഭീഷണിയില്ല എന്നാണ് റിപ്പോര്‍ട്ട്. വെതര്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വരുന്ന അഞ്ച് ദിവസങ്ങളില്‍ നേരിയ മഴ സാധ്യത മാത്രമേ പ്രവചിക്കുന്നുള്ളൂ. ചരിത്ര പരമ്പര ജയം നേടാന്‍ കാത്തിരിക്കുന്ന ടീം ഇന്ത്യക്ക് മത്സരത്തിന് മുമ്പേ ആത്മവിശ്വാസം കൂട്ടുന്ന വാര്‍ത്തയാണിത്. എങ്കിലും നേരിയ മഴമേഘങ്ങളുടെ സാന്നിധ്യം എല്ലാ ദിവസവുമുണ്ടായേക്കും.   

ഇന്ത്യ ജയിച്ചാല്‍ ചരിത്രം

കേപ് ടൗണില്‍ ഇന്ന് ഇന്ത്യൻസമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ജയിച്ചാല്‍ മഴവില്‍ രാഷ്‌ട്രത്തില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു. വാണ്ടറേഴ്‌സില്‍ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോലി കേപ് ടൗണില്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുന്നതും സവിശേഷതയാണ്. ഇതോടെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകും.

പേസര്‍ മുഹമ്മദ് സിറാജും ഇന്ന് കളിക്കില്ല. പകരം ഉമേഷ് യാദവോ ഇശാന്ത് ശര്‍മ്മയോയായിരിക്കും പ്ലേയിംഗ് ഇലവനിലെത്തുക. ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിനിടെ സിറാജിന് പരിക്കേല്‍ക്കുകയായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല.

SA vs IND : ആശങ്കയില്ല ഫോമില്‍, ഒന്നും തെളിയിക്കാനുമില്ല; വിമര്‍ശകര്‍ക്കെതിരെ 'ബാറ്റെടുത്ത്' വിരാട് കോലി

click me!