ലോകകപ്പ് ഫൈനലില്‍ ധോണിയെ നാലാം നമ്പറില്‍ ഇറക്കാനുള്ള നിര്‍ദേശം വെച്ചത് മറ്റൊരു സൂപ്പര്‍താരം

By Web TeamFirst Published Apr 5, 2020, 7:10 PM IST
Highlights

ഞാനും സെവാഗും പുറത്തായശേഷം ഗംഭീറും വിരാട് കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഇപ്പോള്‍ വിക്കറ്റ് പോയാല്‍ ആര് ഇറങ്ങണം എന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഇടതു കൈയനായ ഗംഭീര്‍ പുറത്തായാല്‍ ഇടംകൈയനായ യുവരാജ് ഇറങ്ങുന്നതാവും ഉചിതമെന്ന് എനിക്ക് തോന്നി. 

മുംബൈ: ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ഫൈനലിലെ മറ്റൊരു രഹസ്യം കൂടി പുറത്തുവിട്ട് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും. ഫൈനലില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ യുവരാജ് സിംഗിന് മുമ്പെ ധോണി ഇറങ്ങാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് താനാണെന്ന് സച്ചിന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഞാനും സെവാഗും പുറത്തായശേഷം ഗംഭീറും വിരാട് കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഇപ്പോള്‍ വിക്കറ്റ് പോയാല്‍ ആര് ഇറങ്ങണം എന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഇടതു കൈയനായ ഗംഭീര്‍ പുറത്തായാല്‍ ഇടംകൈയനായ യുവരാജ് ഇറങ്ങുന്നതാവും ഉചിതമെന്ന് എനിക്ക് തോന്നി. അതേസമയം, വലംകൈയനായ കോലിയാണ് പുറത്താവുന്നതെങ്കില്‍ ഒരു വലം കൈയന്‍ ബാറ്റ്സ്മാന്‍ തന്നെ ക്രീസിലെത്തുന്നതാണ് നല്ലതെന്നും തോന്നി. 

കാരണം രണ്ട് ഓഫ് സ്പിന്നര്‍മാരുള്ള ലങ്കയെ ഇടം കൈ-വലംകൈ കൂട്ടുകെട്ട് വെള്ളം കുടിപ്പിക്കുമെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ സെവാഗിനെ വിളിച്ച് ഇക്കാര്യം ബാല്‍ക്കണയില്‍ നില്‍ക്കുന്ന  ധോണിയോട് പറയാന്‍ ഞാന്‍ പറഞ്ഞു-സച്ചിന്‍ വ്യക്തമാക്കി.

താനിവിടെ നിന്ന് എഴുന്നേല്‍ക്കില്ലെന്നും ഓവറുകള്‍ക്കിടയിലെ ഇടവേളയില്‍ പെട്ടെന്ന് ചെന്ന് ധോണിയോട് ഇക്കാര്യം പറഞ്ഞശേഷം അടുത്ത ഓവര്‍ തുടങ്ങും മുമ്പ് തിരിച്ചുവരണമെന്നും സച്ചിന്‍ തന്നോട് പറഞ്ഞതായി സെവാഗും വ്യക്തമാക്കി. എന്നാല്‍ സച്ചിന്‍ തന്റെ വാക്കുകള്‍ പൂര്‍ത്തിയാക്കും മുമ്പെ ധോണി ആ വഴി വന്നു. ഉടന്‍ സച്ചിന്‍ തന്റെ മുന്നില്‍വെച്ച് ധോണിയോട് ഇക്കാര്യം പറഞ്ഞുവെന്ന് സെവാഗ് പറഞ്ഞു. 

ധോണി കോച്ച് ഗാരി കിര്‍സ്റ്റനോട് ഇക്കാര്യം പറഞ്ഞശേഷം തങ്ങള്‍ നാലുപേരും ഒരുമിച്ചിരുന്ന് ആലോചിച്ചുവെന്ന് സച്ചിന്‍ പറഞ്ഞു. കിര്‍സ്റ്റനും ഞങ്ങളോട് യോജിച്ചു. കോലിയാണ് പുറത്താവുന്നതെങ്കില്‍ നാലാം നമ്പറിലിറങ്ങാമെന്ന് ധോണിയും സമ്മതിച്ചു. അങ്ങനെയാണ് വിരാട് കോലി പുറത്തായപ്പോള്‍ ധോണി നാലാം നമ്പറില്‍ ബാറ്റിംഗിനായി ക്രീസിലെത്തിയതെന്നും സച്ചിന്‍ വ്യക്തമാക്കി. ഗംഭീര്‍ 97 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ധോണി 91 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയ സിക്സര്‍ പായിച്ചതും ധോണിയായിരുന്നു. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ധോണി തന്നെ. 


 

click me!