ആദ്യ സെഞ്ചുറിയും നൂറാം സെഞ്ചുറിയും തമ്മിലുള്ള പ്രധാന വ്യത്യാസം വെളിപ്പെടുത്തി സച്ചിന്‍

By Web TeamFirst Published Aug 15, 2020, 5:44 PM IST
Highlights

എന്നാല്‍ 99 സെഞ്ചുറികള്‍ നേടിക്കഴിഞ്ഞ് നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഒരുപാട് ആളുകള്‍ എന്നെ ഉപദേശിക്കാനെത്തി. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത്, തുടങ്ങിയ കാര്യങ്ങളിലൊക്കെ

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദ്യ സെഞ്ചുറിക്ക് കഴിഞ്ഞ ദിവസം 30 വയസ് തികഞ്ഞിരുന്നു. പിന്നീട് കരിയറില്‍ 99 സെഞ്ചുറികള്‍ കൂടി നേടി സച്ചിന്‍ കരിയറില്‍ 100 സെഞ്ചുറികള്‍ തികച്ചു. ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു ക്രിക്കറ്ററായി. 99ാം സെഞ്ചുറിയില്‍ നിന്ന് നൂറാം സെഞ്ചുറിയിലേക്ക് സച്ചിന്‍ 369 ദിവസങ്ങളും 23 മത്സരങ്ങള്‍(11 ടെസ്റ്റും 12 ഏകദിനവും) എടുത്തിരുന്നു. എന്നാല്‍ ആദ്യ സെഞ്ചുറിയും നൂറാം സെഞ്ചുറിയും തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ച് മനസുതുറക്കുകയാണ് സച്ചിന്‍ ആദ്യ സെഞ്ചുറിയുടെ മുപ്പതാം വാര്‍ഷികത്തില്‍.

എന്റെ ആദ്യ സെഞ്ചുറിയും നൂറാം സെഞ്ചുറിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്ന് എന്നോട് കഴിഞ്ഞ ദിവസം ഒരു ചോദ്യമുയര്‍ന്നിരുന്നു. ആദ്യ സെഞ്ചുറി നേടിക്കഴിഞ്ഞപ്പോള്‍ ഇനി 99 എണ്ണം കൂടി വരാനുണ്ടെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. എന്നാല്‍ 99 സെഞ്ചുറികള്‍ നേടിക്കഴിഞ്ഞ് നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഒരുപാട് ആളുകള്‍ എന്നെ ഉപദേശിക്കാനെത്തി.

എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത്, തുടങ്ങിയ കാര്യങ്ങളിലൊക്കെ. എന്നാല്‍ ഞാന്‍ 99 സെഞ്ചുറികള്‍ നേടിയിട്ടുണ്ടെന്ന കാര്യം അവര്‍ പലപ്പോഴും മറന്നു. ഇതാണ് എന്റെ ആദ്യ സെഞ്ചുറിയും നൂറാം സെഞ്ചുറിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ സച്ചിന്‍ വ്യക്തമാക്കി.

Scoring my 1st ever 1️⃣0️⃣0️⃣ was very special as we managed to save the Test & keep the series alive, and it all happened on the eve of our Independence Day. 🇮🇳

It's been my privilege to play for India and I thank each one of you for your love & support over the years. pic.twitter.com/oTNUESifUs

— Sachin Tendulkar (@sachin_rt)

2011ലെ ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു സച്ചിന്റെ 99-ാം സെഞ്ചുറി പിറന്നത്. നൂറാം സെഞ്ചുറി പിറന്നതാകട്ടെ 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയും. ആദ്യ സെഞ്ചുറി തനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത്, ആ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ മത്സരത്തില്‍ സമനില നേടി എന്നതുകൊണ്ടാമെന്നും സച്ചിന്‍ പറഞ്ഞു. അത് നേടിയത്, സ്വാതന്ത്ര്യദിനത്തലേന്നായിരുന്നു എന്നത് കൂടുതല്‍ പ്രിയങ്കരമാക്കുന്നുവെന്നും തന്നെ കരിയറില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

click me!