എം എസ് ധോണിയടക്കമുള്ള പുരുഷ വിക്കറ്റ് കീപ്പര്‍മാരെല്ലാം മാറിനില്‍ക്കുക, റെക്കോര്‍ഡ് പട്ടിക ഇനി വനിത ഭരിക്കും 

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍(Commonwealth Games Women's Cricket 2022) ഇന്ത്യന്‍ വനിതകള്‍ക്കെതിരെ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനവുമായി ഓസീസ് വിക്കറ്റ് കീപ്പര്‍ ആലീസ ഹീലിക്ക്(Alyssa Healy) റെക്കോര്‍ഡ്. രാജ്യാന്തര ടി20യില്‍ വിക്കറ്റിന് പിന്നില്‍ 100 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയാവുന്ന ആദ്യ കീപ്പറായി ഹീലി. പുരുഷ താരങ്ങള്‍ പോലും ഈ നേട്ടത്തിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഓപ്പണര്‍മാരായ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ എന്നിവരുടെ ക്യാച്ചെടുത്ത ഹീലി യാസ്‌തിക ഭാട്യയുടെ റണ്ണൗട്ടില്‍ പങ്കാളിയാവുകയും ചെയ്തു.

നാല് ഓവറില്‍ 16 ഡോട് ബോളുകള്‍ സഹിതം 18 റണ്ണിന് നാല് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിംഗ് ഠാക്കൂറിന്‍റെ വിസ്‌മയ സ്‌പെല്ലിനിടയിലും മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റിന്‍റെ പരാജയം രുചിച്ചു. ഇന്ത്യയുടെ 154 റണ്‍സ് ഓസീസ് 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ മറികടക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യന്‍ വനിതകള്‍- 154/8 (20), ഓസീസ് വനിതകള്‍- 157/7 (19)

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ 49 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും മധ്യനിരയുടേയും വാലറ്റത്തിന്‍റേയും കരുത്തില്‍ ഓസീസ് വനിതകള്‍ മൂന്ന് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍(35 പന്തില്‍ 52*), ഗ്രേസ് ഹാരിസ്(20 പന്തില്‍ 37), അലാന കിംഗ്(16 പന്തില്‍ 18*) എന്നിവരാണ് ഓസീസിന് ടൂര്‍ണമെന്‍റിലെ ആദ്യ ജയമൊരുക്കിയത്. ഓസീസ് വനിതകളുടെ തുടക്കത്തില്‍ ഓപ്പണര്‍മാരായ അലീസ ഹീലി(2 പന്തില്‍ 0), ബെത് മൂണി(9 പന്തില്‍ 10), മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മെഗ്‌ ലാന്നിംഗ്‌(5 പന്തില്‍ 8), തഹ്‌ലിയ മഗ്രാത്ത്(8 പന്തില്‍ 14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാരെ രേണുക സിംഗ് പുറത്താക്കിയിരുന്നു. ഇവരില്‍ മൂണിയും തഹ്‌ലിയയും ബൗള്‍ഡായാണ് മടങ്ങിയത്. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ(34 പന്തില്‍ 52) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി. സ്‌മൃതി മന്ഥാന(24), യാസ്‌തിക ഭാട്യ(8), ജെമീമാ റോഡ്രിഗസ്(11), ദീപ്‌തി ശര്‍മ്മ(1), ഹര്‍ലീന്‍ ഡിയോള്‍(7), രാധാ യാധവ്(2*), മേഘ്‌ന സിംഗ്(0) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 

ഓസീസ് വനിതകളുടെ തലതകര്‍ത്ത നാല് വിക്കറ്റ്, വണ്ടര്‍ സ്‌പെല്‍; രേണുക സിംഗിന് റെക്കോര്‍ഡ്