'ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാകും': യുവതാരത്തിന് സച്ചിന്‍റെ പ്രശംസ

By Web TeamFirst Published Jun 26, 2021, 2:35 PM IST
Highlights

ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ജാമീസണ് കഴിയുമെന്നാണ് സച്ചിന്‍റെ നിരീക്ഷണം

മുംബൈ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടർ കെയ്ല്‍ ജാമീസണെ പ്രശംസ കൊണ്ടുമൂടി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ജാമീസണ് കഴിയുമെന്നാണ് സച്ചിന്‍റെ നിരീക്ഷണം. 

'ജാമീസണ്‍ ന്യൂസിലന്‍ഡ് ടീമിലെ മികച്ച ബൗളറും ഓള്‍റൗണ്ടറുമാണ്. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരില്‍ ഒരാളായി മാറും അദേഹം. ന്യൂസിലന്‍ഡില്‍ കഴിഞ്ഞ വർഷം ജാമീസണെ കണ്ടപ്പോള്‍ ബാറ്റിംഗും ബൗളിംഗും തന്നെ ആകർഷിച്ചു. സൗത്തിയിലും ബോള്‍ട്ടിലും വാഗ്നറിലും ഗ്രാന്‍ഡ്ഹോമിലും നിന്ന് വ്യത്യസ്തനായ ബൗളറാണ് ജാമീസണ്‍. ജാമീസണിന്‍റെ സ്ഥിരതയാണ് തന്നെ ആകർഷിക്കുന്നതെന്നും ഒരിക്കല്‍ പോലും താരത്തിന് താളം നഷ്‍ടമായിട്ടില്ല' എന്നും സച്ചിന്‍ കൂട്ടിച്ചേർത്തു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വമ്പന്‍ പ്രകടനമാണ് കെയ്ല്‍ ജാമീസണ്‍ പുറത്തെടുത്തത്. രണ്ടിന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്‍ത്തിയ താരം ആദ്യ ഇന്നിംഗ്സില്‍ നിർണായകമായ 21 റണ്‍സും ചേർത്തു. ആദ്യ ഇന്നിംഗ്സില്‍ 22 ഓവറില്‍ വെറും 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, ഇഷാന്ത് ശർമ്മ, ജസ്‍പ്രീത് ബുമ്ര എന്നിവരെ പറഞ്ഞയച്ചു. രണ്ടാം ഇന്നിംഗ്‍സില്‍ ചേതേശ്വർ പൂജാരയെയും വിരാട് കോലിയേയുമാണ് പുറത്താക്കിയത്.  

കിവീസിനായി എട്ട് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള 26കാരനായ ജാമീസണ്‍ ഇതുവരെ അഞ്ച് 5 വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയും ടെസ്റ്റുകളില്‍ നിന്ന് 256 റണ്‍സും 46 വിക്കറ്റും ജാമീസണിന്‍റെ ഓള്‍റൗണ്ട് മികവിന് അടിവരയിടുന്നു. 

സതാംപ്‍ടണിലെ റോസ് ബൗളില്‍ നടന്ന കലാശപ്പോരില്‍ ജാമീസണിന്‍റെ മികവിലാണ് കോലിപ്പടയെ എട്ട് വിക്കറ്റിന് കീഴ്‌പ്പെടുത്തി കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് കിരീടമുയർത്തിയത്. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവര്‍ പുറത്താകാതെ നിന്നു. 

ഗില്‍ ഓപ്പണറല്ല, കളിപ്പിക്കേണ്ടത് മധ്യനിരയില്‍: വിമർശനവുമായി മുന്‍ സെലക്ടർ

വലിയ നാണക്കേട്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ ബൗളിംഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് ക്രിക്കറ്റിനോട് ചെയ്യുന്ന വലിയ പാതകമെന്ന് ഗ്രെയിം സ്വാന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!