വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ഫര്‍ഫാന്‍; ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം

Published : Feb 28, 2026, 10:03 PM IST
Sahibzada Farhan and Virat Kohli

Synopsis

പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍, ടി20 ലോകകപ്പില്‍ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു.

പല്ലെകേലെ: അന്താരാഷ്ട്ര ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍. ശ്രീലങ്കയ്ക്കെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍-8 മത്സരത്തിലാണ് ഫര്‍ഹാന്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഫര്‍ഹാന്‍ തന്റെ പേരിലാക്കിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 38 റണ്‍സ് പിന്നിട്ടതോടെയാണ് ഫര്‍ഹാന്‍ കോലിയുടെ റെക്കോര്‍ഡ് തകര്‍ത്തത്.

മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. ടി20 ലോകകപ്പില്‍ പാക് താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നമീബിയക്കെതിരെയാണ് ആദ്യ സെഞ്ചുറി. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവും ഫര്‍ഹാന്‍ തന്നെ. 2014ലെ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് കോലി നേടിയ 319 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇതുവരെ ഏഴ് മത്സരങ്ങളില്‍ (6 ഇന്നിംഗ്‌സ്) നിന്ന് 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക ഇങ്ങനെ.

1. സാഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍): 383 റണ്‍സ് (2026)

2. വിരാട് കോലി (ഇന്ത്യ): 319 റണ്‍സ് (2014)

3. തിലകരത്ന ദില്‍ഷന്‍ (ശ്രീലങ്ക): 317 റണ്‍സ് (2009)

4. ബാബര്‍ അസം (പാകിസ്ഥാന്‍): 303 റണ്‍സ് (2022)

5. മഹേല ജയവര്‍ധനെ (ശ്രീലങ്ക): 302 റണ്‍സ് (2010)

റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വലിയ വിജയം അനിവാര്യമായിരുന്ന പാകിസ്ഥാന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഫഖര്‍ സമാനും സാഹിബ്‌സാദ ഫര്‍ഹാനും ചേര്‍ന്നുള്ള പുതിയ ഓപ്പണിംഗ് സഖ്യം ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് (176 റണ്‍സ്) പടുത്തുയര്‍ത്തി. 42 പന്തില്‍ 84 റണ്‍സെടുത്ത ഫഖര്‍ സമാന്‍ മികച്ച പിന്തുണ നല്‍കി.

പാകിസ്ഥാന്റെ സെമി സാധ്യതകള്‍

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 212 റണ്‍സെടുത്തു. സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ശ്രീലങ്കയെ 65 റണ്‍സിനെങ്കിലും പരാജയപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് 2-ല്‍ നിന്ന് സെമിയിലെത്താന്‍ പാകിസ്ഥാന് സാധിക്കൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ രണ്ട് വിക്കറ്റ് നഷ്ടം
ഇസ്രായേല്‍ - ഇറാന്‍ യുദ്ധം: ടി20 ലോകകപ്പ് താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കി ഐസിസി, യാത്ര സുഗമമാക്കും