
മുംബൈ: അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആരാകും രോഹിത് ശര്‍മയുടെ പകരക്കാരനെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓപ്പണറെന്ന നിലയില്‍ ഓസ്ട്രേലിയയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത കെ എല്‍ രാഹുല്‍ രോഹിത്തിന് പകരം ഇംഗ്ലണ്ടില്‍ ഓപ്പണറാകുമെന്നും അതല്ല ശുഭ്മാന്‍ ഗില്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവരാരുമല്ല ഗുജറാത്ത് ടൈറ്റൻസില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ സഹതാരമായ സായ് സുദര്‍ശനാകും ഇംഗ്ലണ്ടില്‍ രോഹിത്തിന്‍റെ പകരക്കാരനാകുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇത്തവണ ഐപിഎല്ലിൽ ഗുജറാത്തിന്‍റെ ബാറ്റിംഗ് നെടുന്തൂണുകളാണ് സായ് സുദർശനും ശുഭ്മാൻ ഗില്ലും. രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും വിരാട് കോലി വിരമിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തതോടെ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഒന്നോ രണ്ടോ സ്ഥാനങ്ങൾ യുവതാരങ്ങള്‍ക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ മെയ് മൂന്നാം വാരം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി അനൗദ്യോഗിക ടെസ്റ്റില്‍ കളിക്കാനുള്ള ഇന്ത്യ എ ടീമിനെ അടുത്ത ആഴ്ച ആദ്യം പ്രഖ്യാപിക്കും.
ഐപിഎല്ലില്‍ 508 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള സുദര്‍ശന്‍ മിന്നും ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സുദര്‍ശനെ ഓപ്പണറായോ മൂന്നാം സ്ഥാനത്തോ കളിപ്പിക്കാനാണ് സാധ്യത. രോഹിത്തിന് പിന്നാലെ വിരാട് കോലിയും വിരമിച്ചാല്‍ ക്യാപ്റ്റനാകുമെന്ന് കരുതുന്ന ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലേക്ക് ഇറങ്ങാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണറാകുയും സായ് സുദര്‍ശന്‍ മൂന്നാം നമ്പറിലെത്തുകയും ചെയ്യും. മധ്യനിരയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായർക്കും അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
കരുണിന്‍റെ രണ്ടാം ഇന്നിംഗ്സായിരിക്കും അങ്ങനെയെങ്കില്‍ ഇത്. റിഷഭ് പന്ത് അഞ്ചാം നമ്പറില്‍ ഇറങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍ ആറാം നമ്പറിലേക്കാവും കരുണിനെ പരിഗണിക്കുക. ഐപിഎല്ലില്‍ തിളങ്ങിയ ശ്രേയസ് അയ്യരെയും ടീമിലേക്ക് പരിഗണിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഐപിഎല്ലില്‍ നിറം മങ്ങിയ പേസര്‍ മുഹമ്മദ് ഷമി പഴയ താളം വീണ്ടെടുക്കാതത്തിനാല്‍ ടീമിലേക്ക് പരിഗണിക്കുമോ എന്ന കാര്യം സംശയത്തിലാണ്. മുഹമ്മദ് സിറാജ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!