
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആംബറിനും പേള്‍സിനും വിജയം. കരുത്തരായ സാഫയറിനെ ഏഴ് വിക്കറ്റിനാണ് ആംബര്‍ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ പേള്‍സ് എമറാള്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. വിജയത്തോടെ ആംബര്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. സാഫയര്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തുടര്‍ച്ചയായ മൂന്നാം മല്‌സരത്തിലും ക്യാപ്റ്റന്‍ സജന സജീവന്റെ ഓള്‍ റൌണ്ട് മികവാണ് ആംബറിന് വിജയം ഒരുക്കിയത്. ടൂര്‍ണ്ണമെന്റില്‍ തോല്‍വിയറിയാതെ എത്തിയ സാഫയറിനെ ഏഴ് വിക്കറ്റിനാണ് ആംബര്‍ മറികടന്നത്.
ബാറ്റര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതാണ്, ആദ്യം ബാറ്റ് ചെയ്ത സാഫയറിന് തിരിച്ചടിയായത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. 45 റണ്‍സെടുത്ത അനന്യ പ്രദീപും 32 റണ്‍സെടുത്ത മനസ്വി പോറ്റിയും മാത്രമാണ് സാഫയറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. ആംബറിന് വേണ്ടി ദര്‍ശന മോഹന്‍ മൂന്നും സജന സജീവനും ശീതളും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സജന സജീവനും അന്‍സു സുനിലും ചേര്‍ന്നുള്ള കൂട്ടുകെട്ട് വിജയമൊരുക്കി.
സജന 48 പന്തുകളില്‍ 57 റണ്‍സെടുത്തപ്പോള്‍ അന്‍സു 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് പന്തുകള്‍ ബാക്കി നില്‌ക്കെ ആംബര്‍ ലക്ഷ്യത്തിലെത്തി. സാഫയറിന് വേണ്ടി പവിത്ര ആര്‍ നായര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ചയാണ് എമറാള്‍ഡിനും തിരിച്ചടിയായത്. പേള്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാള്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് മാത്രമാണ് നേടാനായത്. 27 റണ്‍സെടുത്ത സായൂജ്യ സലിലന്‍ ആണ് എമറാള്‍ഡിന്റെ ടോപ് സ്‌കോറര്‍.
പേള്‍സിന് വേണ്ടി കീര്‍ത്തി ജെയിംസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേള്‍സിന് ക്യാപ്റ്റന്‍ ഷാനിയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും ശ്രദ്ധ സുമേഷിന്റെയും ആര്യനന്ദയുടെയും ദിവ്യ ഗണേഷിന്റെയും ഇന്നിങ്‌സുകള്‍ വിജയമൊരുക്കി. ദിവ്യ (27), ശ്രദ്ധ (20) ആര്യനന്ദ (പുറത്താകാതെ 18) റണ്‍സെടുത്തു. എമറാള്‍ഡിന് വേണ്ടി നിയതി മഹേഷും നജ്‌ല നൌഷാദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!