
മുംബൈ: മുൻ ഇന്ത്യൻ പേസറും ബിസിസിഐ ദേശീയ സെലക്ടറുമായിരുന്ന സലീൽ അങ്കോളയെ വിഷാദരോഗത്തെ തുടർന്ന് പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയുണ്ടായ മാനസികാഘാതമാണ് 58-കാരനായ അങ്കോളയെ വിഷാദത്തിലേക്ക് നയിച്ചത്. പുനെയിലെ ചികിത്സാ കേന്ദ്രത്തിൽ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി കുടുംബം അറിയിച്ചു.
പൂർണ്ണമായി തകർന്നുപോകുന്നതിന് മുൻപ് ചികിത്സ തേടാൻ അങ്കോള കാണിച്ച മനക്കരുത്തിനെ കുടുംബം അഭിനന്ദിച്ചു. അദ്ദേഹം ഒരു പോരാളിയാണ്, പഴയതിനേക്കാൾ കരുത്തോടെ തിരിച്ചു വരും. വ്യായാമവും മറ്റുമായി അദ്ദേഹം ആരോഗ്യ നില വീണ്ടെടുക്കുകയാണ്. അദ്ദേഹത്തിന്‍റെ ആദ്യ പ്രണയമായ ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ഭാര്യ റിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നേരത്തെ മദ്യാസക്തിയിൽ നിന്ന് മോചിതനാകാനും അങ്കോള ചികിത്സ തേടിയിരുന്നു.
2024-ലാണ് സലീൽ അങ്കോളയുടെ മാതാവ് മാല അങ്കോളയെ (77) പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. അവര്‍ സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഈ സംഭവം അങ്കോളയെ വല്ലാതെ തളർത്തിയിരുന്നു. 1989-ൽ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം പാകിസ്ഥാനെതിരെയായിരുന്നു അങ്കോളയുടെയും അരങ്ങേറ്റം. ഇന്ത്യക്കായി ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചു. എന്നാല്‍ ബോണ്‍ ട്യൂമറും നിരന്തരമേറ്റ പരിക്കുകളും അങ്കോളയുടെ കരിയറിന് തടസമായി.
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് സെലക്ടറായും പിന്നീട് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ ദേശീയ സെലക്ഷൻ കമ്മിറ്റിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം 'കോറ കാഗസ്' അടക്കം നിരവധി ശ്രദ്ധേയമായ സീരിയലുകളിലും 'കുരുക്ഷേത്ര', 'പിതാ' തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയുമായിരുന്നു. പരിക്കുകൾ കരിയർ തകർത്തില്ലായിരുന്നെങ്കിൽ ഐപിഎല്ലിലെ മികച്ച താരമാകുമായിരുന്നു താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അങ്കോള പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!