
കറാച്ചി: ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകളെന്ന് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇന്ത്യ ഫേവറ്റൈറ്റുകളായാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും, അവര്‍ക്ക് വിറ്റാമിന്‍റെ കുറവൊന്നുമില്ലല്ലോ എന്നായിരുന്നു യുട്യൂബ് ചാനലില്‍ ബട്ടിന്‍റെ മറുപടി.
ഏഷ്യാ കപ്പ് ജയിക്കാന്‍ കൂടുതല്‍ സാധ്യതയുളള ടീം ഇന്ത്യയാണെന്ന് പറയാനുള്ള കാരണങ്ങളും ബട്ട് വിശദീകരിച്ചു. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഏത് ടീമിനും കപ്പ് അടിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍ ഇന്ത്യ സമീപകാലത്ത് ആസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനവരെ സഹായിക്കുന്നത് ഓരോ കളിക്കാരനും ഒത്ത പകരക്കാരുണ്ടെന്നതാണ്. അവരെയെല്ലാ പരീക്ഷിച്ച് രാജ്യാന്തര മത്സര പരിചയം നേടിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ ഫേവറൈറ്റുകള്‍ എന്ന് ആളുകള്‍ വിളിക്കുന്നത്.
പാക്കിസ്ഥാനും മികച്ച ടീമാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ പോലെ മികച്ച പകരക്കാരുടെ നിരയില്ല. അതുണ്ടാക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതിന് കാരണം നമ്മുടെ നിലവിലെ സമ്പ്രദായത്തിലുളള വിശ്വാസമില്ലായ്മയാണ്. അതുകൊണ്ടുതന്നെ നമ്മുടെ രണ്ടാം നിര ടീമിനെ എവിടെയും കളിപ്പിക്കാനായി അയച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ബാബര്‍ അസമിനോ, മുഹമ്മദ് റിസ്‌വാനോ ഷഹീന്‍ അഫ്രീദിക്കോ, ഫഖര്‍ സമനോ ഒന്നും വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല-ബട്ട് പറഞ്ഞു.
ഇതൊക്കെയാണെങ്കിലും ഇന്ത്യ കഴിഞ്ഞാല്‍ പാക്കിസ്ഥാന് തന്നെയാണ് സാധ്യതകള്‍ കൂടുതല്‍. കാരണം, തങ്ങളുടേതായ ദിവസം ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്കാവും. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍ ഒരു കൂട്ടുകെട്ടൊക്കെ മത്സരഗതി മാറ്റി മറിക്കും. എല്ലാം അതാത് ദിവങ്ങളിലെ പ്രകടനംപോലെയിരിക്കും. അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ കറുത്ത കുതിരകളാവാനുള്ള സാധ്യതയുണ്ട്. ബംഗ്ലാദേശിനും സാധ്യതകളുണ്ട്. പക്ഷെ അവരുടെ പ്രകടനത്തിന് സ്ഥിരതയില്ലെന്നും ബട്ട് പറഞ്ഞു.
27ന് തുടങ്ങുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം.ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!