
അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 348 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 113 പന്തില്‍ 172 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്‍റെ ബാറ്റിംഗ് കരുത്തിൽ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.
44ാം ഓവറില്‍ 307-4 എന്ന ശക്തമായ നിലയിലായിരുന്ന പാകിസ്ഥാന് സമീര്‍ മിന്‍ഹാസിന്‍റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കൂട്ടത്തകര്‍ച്ച നേരിട്ടെങ്കിലും ഇന്നിംഗ്സിലെ അവസാന പന്ത് സിക്സിന് പറത്തി മുഹമ്മദ് സയ്യം പാകിസ്ഥാനെ 347ല്‍ എത്തിച്ചു. 44-ാം ഓവറില്‍ ദീപേഷ് ദേവേന്ദ്രന്‍റെ പന്തില്‍ മിന്‍ഹാസ് പുറത്തായകിന് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ ഒരു ഘടത്തില്‍ 375-400ല്‍ എത്തുമെന്ന് കരുതിയ പാകിസ്ഥാന്‍ ടോട്ടല്‍ 347ൽ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഖിലന്‍ പട്ടേലും ഹെനില്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാകിസ്ഥാന് നാലാം ഓവറിലെ 14 പന്തില്‍ 18 റണ്‍സെടുത്ത ഓപ്പണര്‍ ഹംസ സഹൂറിനെ നഷ്ടമായെങ്കിലും സമീര്‍ മിന്‍ഹാസും ഉസ്മാന്‍ ഖാനും തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ പാകിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന മികച്ച നിലയിലെത്തിയിരുന്നു. 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സമീര്‍ മിന്‍ഹാസ് 71 പന്തില്‍ സെഞ്ചുറിയിലെത്തി തകര്‍ത്തടിച്ചതോടെ പാക് സ്കോർ കുതിച്ചു. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ദീപേഷ് ദേവേന്ദ്രനെ പാകിസ്ഥാന്‍ കടന്നാക്രമിച്ചതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. പതിനേഴാം ഓവറില്‍ ഖിലൻ പട്ടേല്‍ ഉസ്മാന്‍ ഖാനെ(45 പന്തില്‍ 35) പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഹമ്മദ് ഹുസൈനും സമീര്‍ മിന്‍ഹാസും ചേര്‍ന്ന് 137 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ പാകിസ്ഥാനെ 260 റണ്‍സിലെത്തിച്ചു. 56 റണ്‍സെടുത്ത അഹമ്മദ് ഹുസൈനെ മടക്കിയ ഖിലന്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്.
105 പന്തില്‍ 150 റണ്‍സ് തികച്ച സമീര്‍ മിന്‍ഹാസ് പാകിസ്ഥാനെ മുന്നില്‍ നിന്ന് നയിച്ചു. ദീപക് ദേവേന്ദ്രനെതിരെ തുടര്‍ച്ചയായി രണ്ട് സിക്സും ഫോറും പറത്തിയ സമീര്‍ ഇരട്ട സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും ദീപക് ദേവേന്ദ്രന്‍റെ അടുത്ത പന്തില്‍ മിന്‍ഹാസ് പുറത്തായതോടെ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. പിന്നാലെ ഹസുസൈഫ ഹസനെ(0) കനിഷ്ക് ചൗഹാന്‍ പുറത്താക്കി. തന്‍റെ അടുത്ത ഓവറില്‍ ഫര്‍ഹാന്‍ യൂസഫിനെ(18 പന്തില്‍ 19) ദീപേഷ് ദേവേന്ദ്രന്‍ പുറത്താക്കി. പിന്നാലെ മുഹമ്മദ് ഷയാനെ(7) ഹെനില്‍ പട്ടേലും പുറത്താക്കി. അടുത്ത ഓവറില്‍ അബ്ദുള്‍ സുബാനെ(2) ദീപേഷ് ദേവേന്ദ്രന്‍ മടക്കിയതോടെ 302-3ല്‍ നിന്ന് പാകിസ്ഥാന്‍ 327-8ലേക്ക് തകര്‍ന്നു. 40 ഓവറില്‍ 276-3 എന്ന ശക്തമായ നിലയിലായിരുന്ന പാകിസ്ഥാന് അവസാന പത്തോവറില്‍ 71 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ 10 ഓവറില്‍ 83 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഖിലന്‍ പട്ടേല്‍ 10 ഓവറില്‍ 44 റണ്‍സിനും ഹെനില്‍ പട്ടേല്‍ 10 ഓവറില്‍ 62 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!