Ravi Shastri: രവി ശാസ്ത്രിക്ക് രഹസ്യ അജണ്ട, തുറന്നു പറഞ്ഞ് മഞ്ജരേക്കര്‍

By Web TeamFirst Published Jan 28, 2022, 5:18 PM IST
Highlights

അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും ബുദ്ധിപരമല്ല. ക്രിക്കറ്റിനെ സൂഷ്മമായി നിരീക്ഷിക്കുന്ന ഒരാളുടെ വിലയിരുത്തലുമല്ല. പക്ഷെ അതിന് പിന്നിലൊരു അജണ്ടയുണ്ട്-

മുംബൈ: മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ(Ravi Shastri) സമീപകാലത്തെ പ്രസ്താവനകള്‍ക്ക് പിന്നില്‍ രഹസ്യ അ‍ജണ്ടയുണ്ടോ എന്ന് സംശയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). പരിശീലക സ്ഥാനം ഒഴിഞ്ഞശേഷം ചില കളിക്കാരെക്കുറിച്ച് ശാസ്ത്രി നടത്തിയ പ്രസ്താവനകള്‍ ഒട്ടും ദഹിക്കുന്നതല്ലെന്നും മഞ്ജരേക്കര്‍ ന്യൂസ് 18നോട് പറഞ്ഞു.

ഞാന്‍ രവി ശാസ്ത്രിയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുള്ള ആള്‍ എന്ന നിലക്ക് കളിക്കാരെ പിന്തുണക്കുന്ന ആളും മികച്ച പോരാളിയുമാണ് രവി ശാസ്ത്രിയെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ പരിലീകപദവി ഒഴിഞ്ഞശേഷമുള്ള രവി ശാസ്ത്രിയെ എനിക്ക് അറിയില്ല. പൊതുവേദികളില്‍ അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും പ്രതീക്ഷിച്ചതാണെങ്കിലും അതിനോടൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല.

കാരണം, അദ്ദേഹത്തോട് അനാദരവ് കാണിക്കാന്‍ എനിക്ക് കഴിയില്ല. അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും ബുദ്ധിപരമല്ല. ക്രിക്കറ്റിനെ സൂഷ്മമായി നിരീക്ഷിക്കുന്ന ഒരാളുടെ വിലയിരുത്തലുമല്ല. പക്ഷെ അതിന് പിന്നിലൊരു അജണ്ടയുണ്ട്-മഞ്ജരേക്കര്‍ പറഞ്ഞു. വിരാട് കോലിക്ക് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് രണ്ട് വര്‍ഷം കൂടി തുടരാമായിരുന്നുവെന്ന് ശാസ്ത്രി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അടുത്ത രണ്ട് വര്‍ഷം ഇന്ത്യ കൂടുതല്‍ ടെസ്റ്റുകളും നാട്ടിലാണ് കളിക്കുന്നത് എന്നതിനാല്‍ കോലിക്ക് രണ്ട് വര്‍ഷം കൂടി ടെസ്റ്റ് ക്യാപ്റ്റനായി തുടരാമായിരുന്നു. അങ്ങനെ തുടര്‍ന്നിരുന്നുവെങ്കില്‍ ഭൂരിഭാഗം ടെസ്റ്റുകളും ഇന്ത്യ യിക്കുമായിരുന്നു. അതുപോലെ ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 50-60 വിജയങ്ങള്‍ നേടാനും കോലിക്ക് കഴിയുമായിരുന്നു. എന്നാല്‍ ഈ വസ്തുത പലര്‍ക്കും ദഹിക്കാനിടയില്ലെന്നും അതുകൊണ്ടാണ് കോലി പടിയിറങ്ങിയതെന്നും ശാസ്ത്രി പറഞ്ഞിരുന്നു. കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ദിവസം തന്‍റെ ജീവിതത്തിലെ ദുഖകരമായ ദിവസമാണെന്നും ശാസ്ത്രി വ്യക്തമാക്കിയിരുന്നു.

click me!