റിഷഭ് പന്തിനെ പോലെയല്ല സഞ്ജു സാംസണ്‍; ടീം ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തിനെതിരെ പാക് മുന്‍താരം

By Jomit JoseFirst Published Jul 24, 2022, 2:43 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന് വിജയിച്ചെങ്കിലും ബാറ്റിംഗില്‍ കനത്ത നിരാശയാണ് സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് നല്‍കിയത്

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: സഞ്ജു സാംസണിന്‍റെ(Sanju Samson) ബാറ്റിംഗ് പൊസിഷനെതിരെ വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍താരം ഡാനിഷ് കനേറിയ(Danish Kaneria). ഫോമിലുള്ള ദീപക് ഹൂഡയ്‌ക്ക്(Deepak Hooda) മുമ്പ് സഞ്ജുവിനെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗ് ക്രമത്തില്‍ ഇറക്കാന്‍ പാടില്ലായെന്ന് കനേറിയ തുറന്നടിച്ചു. 

'സഞ്ജു സാംസണ് മറ്റൊരു അവസരം കൂടി ലഭിച്ചു, എന്നാല്‍ സ്‌പെഷ്യലായ ഇന്നിംഗ്‌സൊന്നും കണ്ടില്ല. റൊമാരിയോ ഷെഫേഡ് പുറത്താക്കും മുമ്പ് റണ്‍സ് കണ്ടെത്താന്‍ കഷ്‌ടപ്പെടുന്ന സഞ്ജുവിനെയാണ് ക്രീസില്‍ കണ്ടത്. ഞാന്‍ ദീപക് ഹൂഡയെ കുറിച്ച് സംസാരിക്കും. എന്തുകൊണ്ടാണ് ഹൂഡ താഴെക്കിറങ്ങി ബാറ്റ് ചെയ്തത്. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും അവരുടെ പൊസിഷനുകളില്‍ ഓക്കെയാണ്. എന്നാല്‍ ഹൂഡ സഞ്ജുവിന് മുമ്പ് ബാറ്റ് ചെയ്യണം. റിഷഭ് പന്തിനെ പോലെയാണ് സഞ്ജുവിനെ ഇന്ത്യ നേരത്തെയിറക്കിയത്. എന്നാല്‍ സഞ്ജു, റിഷഭ് പന്ത് അല്ല. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് റിഷഭില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ്. ഹൂഡ നേരത്തെ ബാറ്റിംഗിനിറങ്ങണം. അദ്ദേഹമൊരു മികച്ച താരമാണ്. മികച്ച ഫോമിലുമാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് പൊസിഷന്‍ ഇന്ത്യ തട്ടിക്കളിക്കാന്‍ പാടില്ല' എന്നും ഡാനിഷ് കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന് വിജയിച്ചെങ്കിലും ബാറ്റിംഗില്‍ കനത്ത നിരാശയാണ് സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് നല്‍കിയത്. ശിഖര്‍ ധവാനും ശുഭ്‌മാന്‍ ഗില്ലിനും ശ്രേയസ് അയ്യര്‍ക്കും സൂര്യകുമാര്‍ യാദവിനും പിന്നാലെ അഞ്ചാമനായി ക്രിസിലെത്തിയ സഞ്ജു സാംസണ്‍ 18 പന്ത് നേരിട്ട് ഒരു സിക്‌സറോടെ 12 റണ്ണേ നേടിയുള്ളൂ. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ദീപക് ഹൂഡ 32 പന്തില്‍ 27 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യയുടെ 308 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ആറ് വിക്കറ്റിന് 305 റണ്‍സ് മാത്രം എടുക്കാനായതോടെയാണ് ഇന്ത്യ 3 റണ്‍സിന്‍റെ ജയം നേടിയത്. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ശക്തമായ തിരിച്ചുവരവാകും വിന്‍ഡീസ് ലക്ഷ്യമിടുക. ക്യൂൻസ് പാർക്ക് ഓവലിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ഇന്നും വിക്കറ്റ് കീപ്പറായി സഞ്ജു പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ‍ഞ്ജുവിന് മികച്ച പ്രകടനം കാഴ്‌ചവെച്ചേ മതിയാകൂ. ആദ്യ ഏകദിനത്തില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍റെയും(97), ശുഭ്‌മാന്‍ ഗില്ലിന്‍റേയും(64), മൂന്നാമന്‍ ശ്രേയസ് അയ്യരുടേയും(54) ബാറ്റിംഗ് കരുത്താണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍മാരായ മുഹമ്മദ് സിറാജും ഷര്‍ദുല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 

WI vs IND 2nd ODI : രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് വിരുന്ന്! ആരാധകരെ കാത്തിരിക്കുന്നത് റണ്‍മഴ?

click me!