
ധരംശാല: ഐപിഎൽ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷനും ആദ്യ 10ല്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മിന്നിയ പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗും കൂപ്പര്‍ കൊണോലിയും മുംബൈ ഓപ്പണര്‍ റിയാൻ റിക്കിള്‍ടണും ആദ്യ പത്തിലെത്തി. ടോപ് ഫൈവില്‍ മാറ്റങ്ങളൊന്നും സംഭവിക്കാതിരുന്നപ്പോള്‍ അവസാന അഞ്ചിലാണ് മാറ്റങ്ങളുണ്ടായത്.
മുംബൈക്കെതിരെ 32 പന്തില്‍ 57 റണ്‍സടിച്ച് തിളങ്ങിയ പ്രഭ്‌സിമ്രാന്‍ സിംഗ് 12 മത്സരങ്ങളില്‍ 439 റണ്‍സുമായാണ് ആദ്യ പത്തിലെത്തിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രഭ്‌സിമ്രാന്‍ സിംഗ്. പഞ്ചാബിനായി ഇന്നലെ 21 റണ്‍സെടുത്ത കൂപ്പര്‍ കൊണോലി സഞ്ജുവിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളില്‍ 436 റണ്‍സുമായാണ് കൂപ്പര്‍ കൊണോലി പത്താം സ്ഥാനത്തെത്തിയത്. മുംബൈക്കായി തകര്‍ത്തടിച്ച് 23 പന്തില്‍ 48 റണ്‍സടിച്ച റിയാന്‍ റിക്കിള്‍ടൺ 10 മത്സരങ്ങളില്‍ 430 റണ്‍സുമായി പത്താം സ്ഥാനത്തെത്തി. മുംബൈയ്ക്കായി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും റിക്കിള്‍ടണാണ്.
സഞ്ജുവിനെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച റിക്കിള്‍ടണ്‍ പത്താം സ്ഥാനത്തെത്തിയതോടെ 11 മത്സരങ്ങളില്‍ 430 റണ്‍സുള്ള സഞ്ജു പതിനൊന്നാം സ്ഥാനത്താണിപ്പോള്‍. ഇന്നത്തെ മത്സരത്തില്‍ ലക്നൗവിനെതിരെ തിളങ്ങിയാൽ സഞ്ജുവിന് വീണ്ടും ആദ്യ അഞ്ചിലെത്താൻ അവസരമുണ്ട്. പ്രഭ്‌സിമ്രാന്‍ സിംഗും കൂപ്പര്‍ കൊണോലിയും അടിച്ചു കയറിയതോടെ പിന്നിലായ മറ്റൊരു ബാറ്റര്‍ ഹൈദരാബാദിന്‍റ ഇഷാന്‍ കിഷനാണ്. 12 മത്സരങ്ങളില്‍ 420 റണ്‍സുള്ള ഇഷാന്‍ കിഷന്‍ സഞ്ജുവിന് തൊട്ടുപിന്നില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഇന്നലെ മുംബൈക്കെതിര നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഇഷാന് പിന്നില്‍ പതിമൂന്നാം സ്ഥാനത്തുണ്ട്.
ഇന്നലെ പഞ്ചാബിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ മുംബൈ താരം തിലക് വര്‍മ 12 മത്സരങ്ങളില്‍ 336 റണ്‍സുമായി 21-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം. ഹെന്‍റിച്ച് ക്ലാസൻ(508), സായ് സുദര്‍ശന്‍(501), വിരാട് കോലി(484), അഭിഷേക് ശര്‍മ(481), കെ എല്‍ രാഹുല്‍(477), ശുഭ്മാന്‍ ഗില്‍(467), വൈഭവ് സൂര്യവംശി(440) എന്നിവരാണ് ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!