
മാഞ്ചസ്റ്റർ:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യൻ നിരയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്ന് സൂചന നൽകി ബോളിംഗ് കോച്ച് മോണി മോർക്കൽ.15കാരൻ വൈഭവ് സൂര്യവംശിയുടെ രാജ്യാന്തര അരങ്ങേറ്റം ഇനിയും വൈകുമെന്നാണ് മോർക്കൽ നൽകുന്ന സൂചന. പെട്ടെന്നുള്ള തീരുമാനങ്ങൾക്ക് പകരം, മുൻപ് ടീമിനായി തിളങ്ങിയ കളിക്കാരെ മാനേജ്‌മെന്‍റ് പൂർണ്ണമായി പിന്തുണയ്ക്കുമെന്നും മോര്‍ക്കൽ വ്യക്തമാക്കി.
അയർലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ 2-0ന് വൈറ്റ്‌വാഷ് നേരിട്ടതോടെയാണ് യുവതാരം വൈഭവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകരുടെ ഭാഗത്തുനിന്ന് ശക്തമായത്. എന്നാൽ മഴ വില്ലനായ ആദ്യ ടി20യിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവരടങ്ങുന്ന ടോപ് ഓർഡറിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്.
ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ ടീമിലുണ്ടെന്ന യാഥാർത്ഥ്യം നമ്മൾ കാണണം. സഞ്ജു സാംസൺ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്, ഒപ്പം മികച്ചൊരു ഐ.പി.എൽ സീസണും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ നിലവിലുള്ള കളിക്കാരിൽ വിശ്വാസമർപ്പിക്കുകയാണ് ഞങ്ങളുടെ കടമ. ഒരു യുവതാരം ടീമിന്‍റെ വാതിലിൽ മുട്ടുന്നുണ്ട് എന്നത് ആവേശകരമായ കാര്യമാണ്. എന്നാൽ മുതിർന്ന കളിക്കാർക്ക് ഞങ്ങൾ നൽകുന്ന ഈ പിന്തുണ ടീമിനാകെ നല്ലൊരു സന്ദേശമാണ് നൽകുന്നത്-മോര്‍ക്കല്‍ വ്യക്തമാക്കി.
സമീപകാലത്തെ മോശം ഫോമിന്‍റെ പേരിൽ സഞ്ജു സാംസണെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. മധ്യനിരയിൽ തുടർച്ചയായി നിരാശപ്പെടുത്തുന്ന തിലക് വർമ്മയെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ബാറ്റിംഗ് പൊസിഷനുകളിൽ നിലവിൽ മാറ്റം വരുത്താൻ ടീം ഒരുക്കമല്ലെന്ന് മോർക്കൽ പറഞ്ഞു.
കളിക്കാരെ അവരുടെ സ്ഥിരം പൊസിഷനിൽ അല്ലാതെ ബാറ്റ് ചെയ്യിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവനെ അവിടെ കളിപ്പിക്കാം എന്ന് പറയുന്നത് പോലെ അത്ര ലളിതമല്ല കാര്യങ്ങൾ.കഠിനമായ സാഹചര്യങ്ങളിൽ ടീമിനെ ജയത്തിലേക്ക് നയിച്ചവരെയും ലോകകപ്പ് നേടിത്തന്നവരെയും പിന്തുണയ്ക്കുകയാണ് വേണ്ടത്. അതിന് ശേഷമേ മറ്റുള്ള കാര്യങ്ങൾ ആലോചിക്കൂവെന്നും മോർക്കൽ വ്യക്തമാക്കി. പരമ്പരകൾക്കിടെ അനാവശ്യ പരീക്ഷണങ്ങൾക്ക് മുതിരാൻ ടീം ഒരുക്കമല്ലെന്നും മോര്‍ക്കല്‍ പറഞ്ഞു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിനാൽ വരും മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പരയുടെ ഫലം നിശ്ചയിക്കപ്പെട്ടതിന് ശേഷം മാത്രമേ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറാൻ അവസരം ലഭിക്കൂ എന്നാണ് കോച്ചിന്‍റെ വാക്കുകൾ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!