
അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദില്‍ നടക്കും. ഇന്നലെ ലക്നൗവില്‍ നടക്കേണ്ടിയിരുന്ന മൂന്നാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.
അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. നാളത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2 സമനിലയാവും. നാലാം ടി20 മത്സരത്തിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ അവസാന മത്സരത്തില്‍ ഗില്‍ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അവസാന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.
അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണര്‍മാരാകുമ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും ബാറ്റിംഗ് നിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുക. അക്സര്‍ പട്ടേലും പരിക്കേറ്റ് പുറത്തായതിനാല്‍ ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും പ്ലേയിംഗ് ഇലവനില്‍ തുടരും.
അക്സര്‍ പുറത്തായതോടെ കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. വരുണ്‍ ചക്രവര്‍ത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നര്‍. ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണ പുറത്താകുമെന്നാണ് കരുതുന്നത്. അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!